നേപ്പാളി പെണ്‍കുട്ടികളെ ഇന്ത്യയിലേക്കു കടത്തുന്നതില്‍ 500 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ മനുഷ്യക്കടത്തില്‍ വന്‍ വര്‍ധനയെന്ന് റിപോര്‍ട്ട്. മനുഷ്യക്കടത്തിനെ കുറിച്ചുള്ള അതിര്‍ത്തിസേനയുടെ പഠനത്തിലാണ് 2013 മുതല്‍ നിയമവിരുദ്ധമായി നേപ്പാളി പെണ്‍കുട്ടികളെ ഇന്ത്യയിലേക്കു കടത്തുന്നത് 500 ശതമാനം വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ 50,000 രൂപ വരെ നിരക്കില്‍ ഈ പെണ്‍കുട്ടികളെ ഉടമകള്‍ വില്‍ക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
2013ല്‍ 108 പെണ്‍കുട്ടികളെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ചു രക്ഷപ്പെടുത്തിയിരുന്നു. 2017ല്‍ അത്തരത്തിലുള്ള 607 പെണ്‍കുട്ടികളെയാണു രക്ഷപ്പെടുത്തിയത്.
ഇന്ത്യയിലേക്കു കുട്ടികളെയും സ്ത്രീകളെയും കടത്തുന്നതിന്റെ ഉറവിടമാണ് നേപ്പാള്‍ എന്ന് റിപോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ കടത്തിക്കൊണ്ടുവരുന്ന സ്ത്രീകളെയും കുട്ടികളെയും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുത്തുക, ഗാര്‍ഹിക ജോലികള്‍ക്കായി വില്‍ക്കുക തുടങ്ങിയ ചൂഷണങ്ങള്‍ക്കിരയാക്കുന്നതോടൊപ്പം നിയമവിരുദ്ധമായി അവരെ അവയവങ്ങള്‍ മാറ്റിവയ്ക്കലിനും വിധേയരാക്കുന്നു.
നേപ്പാളിലെ സ്ത്രീ-സാമൂഹിക സുരക്ഷാ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം നേപ്പാളിലെ 75 ജില്ലകളില്‍ 26 എണ്ണത്തിലും മനുഷ്യക്കടത്തുകള്‍ നടക്കുന്നതായി പറയുന്നു.
ഇതില്‍ അധികപേരും മലകളില്‍ താമസിക്കുന്ന വിഭാഗങ്ങളോ പട്ടികജാതിയില്‍പ്പെട്ട ആളുകളോ ആണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it