നേട്ടങ്ങളുടെ പടവുകളിലേക്ക് നാട്ടികയുടെ ദത്തുപുത്രി

എം എം സലാം

തിരുവനന്തപുരം: ചിറകു മുളയ്ക്കും മുമ്പേ അനാഥത്വത്തിന്റെ കയ്പുനീര്‍ ആവോളം അനുഭവിച്ചതാണ് പി ഡി അഞ്ജലിയെന്ന ഈ പതിനാലുകാരി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മകള്‍ സ്വര്‍ണമണിഞ്ഞെന്ന വാര്‍ത്ത കേള്‍ക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പെ രോഗബാധിതയായിരുന്ന മാതാവ് സുബി എന്നെന്നേക്കുമായി അവളെ വിട്ടുപിരിഞ്ഞിരുന്നു. മാതാവിന്റെ മരണശേഷം മകളെയുപേക്ഷിച്ച് പിതാവ് വേറെ വിവാഹം കഴിച്ചു പോയതോടെ ഒറ്റപ്പെട്ട അവളുടെ കായികജീവിതത്തിന് നിറമുള്ള സ്വപ്‌നങ്ങള്‍ പകര്‍ന്നു നല്‍കുന്നത് ദൈവദൂതര്‍ക്കു തുല്യരായ ഏതാനും ചില നല്ല വ്യക്തികളാണ്.
മാതാവിന്റെ മരണശേഷം പിതാവു കൂടി പോയതോടെ സ്വന്തം വീട്ടില്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ കഴിഞ്ഞ അഞ്ജലിയെ മാതൃസഹോദരന്‍ ശ്രീജിത്തും ഭാര്യ ബൃന്ദയും ചേര്‍ന്ന് സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അന്നുമുതല്‍ ഇപ്പോഴും ഇവരാണ് അഞ്ജലിയെ സംരക്ഷിച്ചുപോരുന്നത്. മാമന്റെയും ഭാര്യയുടെയും സംരക്ഷണയില്‍ തൃപ്രയാര്‍ കിഴക്കേനട കാഞ്ഞിരപ്പറമ്പില്‍ വീട്ടിലാണ് അഞ്ജലി താമസിച്ചു വരുന്നത്.
നാട്ടിക ഫിഷറീസ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍തന്നെ അഞ്ജലി ട്രാക്കിലിറങ്ങിത്തുടങ്ങിയിരുന്നു. വേഗയിനങ്ങളായ 100, 200, 400 മീറ്ററുകളായിരുന്നു അഞ്ജലിയുടെ ഇഷ്ടയിനം. ഇല്ലായ്മയില്‍ നിന്ന് മിച്ചംപിടിച്ച് നാട്ടിക സ്വദേശിയും ഓട്ടോതൊഴിലാളിയുമായ കണ്ണന്‍ നടത്തുന്ന നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെത്തിയതോടെയാണ് അഞ്ജലി സംസ്ഥാനതലത്തില്‍ മെഡലുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങിയത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ തന്റെ ഇഷ്ടയിനമായ 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ കണ്ണീരോടെ അഞ്ജലി പറഞ്ഞത് ഇങ്ങനെ. മുകളിലിരുന്ന് അമ്മ ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും.'കാണാമറയത്തായ അമ്മയുടെ ആഗ്രഹം കഠിനപരിശ്രമത്തിലൂടെ സഫലമാക്കിയ ശേഷം ഈ വിജയം കാണാന്‍ അമ്മയില്ലല്ലോയെന്ന സങ്കടമാണ് അഞ്ജലി കൂട്ടുകാരികളുമായി പങ്കുവച്ചത്. കഴിഞ്ഞവര്‍ഷം സബ്ജൂനിയര്‍ വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ 100 മീറ്ററിലായിരുന്നു സ്വര്‍ണമെങ്കില്‍ ഇത്തവണ ജൂനിയര്‍ വിഭാഗത്തില്‍ തന്നെക്കാള്‍ രണ്ടു വയസ്സ് കൂടുതലുള്ളവരോടു മല്‍സരിച്ച് 12.68 സെക്കന്‍ഡിലാണ് അഞ്ജലി ഓടിയെത്തിയത്.
Next Story

RELATED STORIES

Share it