kannur local

നെല്ലൂന്നിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു



മട്ടന്നൂരില്‍: നെല്ലൂന്നിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നെല്ലൂന്നി അങ്കണവാടിക്കു സമീപത്തെ പി സൂരജ്(26), പെരുമ്പച്ചാലിലെ പി ജിതേഷ്(27) എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലുകള്‍ക്കുമാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ജിതേഷിന് നെല്ലൂന്നി ഗ്രാമദീപം വായനശാലയ്ക്കു മുന്നില്‍ നിന്നും സൂരജിനു നെല്ലൂന്നി കള്ളുഷാപ്പില്‍ നിന്നുമാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘം ജിതേഷിനെ ആക്രമിച്ച ശേഷം അര കിലോമീറ്റര്‍ അകലെയുള്ള കള്ളുഷാപ്പില്‍ കയറിയാണ് സൂരജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവ സമയം കള്ളുഷാപ്പില്‍ ഉണ്ടായിരുന്നവര്‍ അക്രമികളെ കണ്ട് ചിതറിയോടി. രക്ഷപ്പെടുന്നതിനിടെ അക്രമികള്‍ ഉപേക്ഷിച്ച ഒരു വാള്‍ പോലിസ് കണ്ടെടുത്തു. അക്രമികള്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂര്‍ സിഐ എ വി ജോണ്‍, എസ്‌ഐ രാജീവ് കുമാര്‍എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. രണ്ട് മാസത്തോളമായി നെല്ലൂന്നിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി തകര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it