palakkad local

നെല്ലായ-കുലുക്കല്ലൂര്‍ ശുദ്ധജല വിതരണ പദ്ധതി മാര്‍ച്ച് അവസാന വാരം കമ്മീഷന്‍ ചെയ്യും

ചെര്‍പ്പുളശ്ശേരി: നെല്ലായ, കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 16.20 കോടി ചെലവില്‍ നടപ്പാക്കുന്ന നെല്ലായ-കുലുക്കല്ലൂര്‍ ശുദ്ധജല വിതരണ പദ്ധതി മാര്‍ച്ച് അവസാന വാരം കമ്മിഷന്‍ ചെയ്യും. വേനലിലും ജലസമൃദ്ധമായ തൂതപ്പുഴയിലെ മാവുണ്ടീരിയിലുള്ള ആനക്കല്‍ കയത്തില്‍ നിന്നു ദിവസവും 60ലക്ഷം ലീറ്റര്‍ വെള്ളം സംഭരിച്ചു ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന പദ്ധതിയാണിത്.
84,750 പേര്‍ക്ക് പ്രതിദിനം 40 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ സാധ്യമാവുമെന്നും പദ്ധതി സമയബന്ധിതമായി തീര്‍ത്ത് നാടിനു സമര്‍പ്പിക്കുമെന്നും സി പി മുഹമ്മദ് എംഎല്‍എ അറിയിച്ചു. ആനക്കല്‍കടവിലെ കിണറില്‍ 125 എച്ച്പി മോട്ടോര്‍ വെര്‍ട്ടിക്കല്‍ ടര്‍ബൈന്‍ പമ്പ് സെറ്റ് ഉപയോഗിച്ച് ശുദ്ധീകരിച്ചു പമ്പ് ചെയ്യുന്ന വെള്ളം മാരായമംഗലം ഗവ.ഹൈസ്‌കൂളിനടുത്ത് സ്ഥാപിച്ചിട്ടുള്ള 13.78 ലക്ഷം ഗ്യാലന്‍ ശേഷിയുള്ള ജലസംഭരണിയിലേക്ക് എത്തിക്കും. പ്ലാന്റിലേക്കുള്ള 350 എംഎം റോവാട്ടര്‍ പമ്പിങ് മെയിനും പദ്ധതിക്കായി ഒരുങ്ങി.
ഇരുപഞ്ചായത്തുകളിലും കുടിവെള്ളം ആവശ്യമുള്ളവര്‍ക്കെല്ലാം തുടക്കത്തില്‍തന്നെ ഗാര്‍ഹിക കണക്ഷന്‍ അനുവദിക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 2003 ഒക്ടോബര്‍ 18ന് അന്നത്തെ മന്ത്രി ടി എം ജേക്കബാണ് നിര്‍വഹിച്ചത്.
2005ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്ന് ഉദ്ഘാടനവേളയില്‍ മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഉന്നതജലസംഭരണി നിര്‍മിക്കാന്‍ 50 സെന്റ് മിച്ചഭൂമി റവന്യു വകുപ്പില്‍ നിന്നു ജലഅതോറിറ്റിക്കു പതിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം കാരണം നീണ്ടു.
കേന്ദ്രസര്‍ക്കാരിന്റെ ത്വരിതഗ്രാമീണ ശുദ്ധജല പദ്ധതി പ്രകാരം 7.20 കോടിയുടെ എസ്റ്റിമേറ്റിലാണു പദ്ധതി തയ്യാറാക്കിയത്. കാലതാമസം നേരിട്ടതുമൂലം ഒമ്പതു കോടി രൂപ കൂടി അനുവദിച്ചു. നെല്ലായ പഞ്ചായത്തിലെ വിതരണ ശൃംഖലയുടെ പണി അന്തിമഘട്ടത്തിലാണ്. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വിതരണ ശൃംഖലയുടെ പണി പൂര്‍ത്തിയായി. കുലുക്കല്ലൂര്‍ റയില്‍വേ ക്രോസിന്റെ നടപടിക്രമങ്ങളും 250 കെവി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുമായുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയായാല്‍ ഫെബ്രുവരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പമ്പിങ് നടത്താന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
കുലുക്കല്ലൂര്‍ റയില്‍വേ ലൈനിനു താഴെ പൈപ്പിടാനുള്ള ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞതായും അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഒരാഴ്ച കൊണ്ട് പണി തീര്‍ക്കുമെന്നും വാട്ടര്‍ അതോറിറ്റി അസി.എന്‍ജിനീയര്‍ പി എ സുബൈര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it