malappuram local

നെടിയിരുപ്പ് മേഖലയില്‍ നൂറിലധികം പേര്‍ക്ക് പനിയും 22 പേര്‍ക്ക് ടൈഫോയ്ഡും

കൊണ്ടോട്ടി: നെടിയിരുപ്പ് മേഖലയില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് പനിയും 22 പേര്‍ക്ക് ടൈഫോയ്ഡും പിടിപ്പെട്ടതായി കണ്ടെത്തി. പ്രദേശത്ത് ജില്ലാ ആരോഗ്യവകുപ്പ് മേധാവി വി ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിവാഹത്തിലേക്ക് വാഹനത്തിലെത്തിച്ച കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്തി.
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത നെടിയിരുപ്പ്, മൊറയൂര്‍, പളളിക്കല്‍, ചെറുകാവ്, മതുവല്ലൂര്‍, കൊണ്ടോട്ടി, ചീക്കോട് ഭാഗത്തുള്ളവര്‍ക്കെല്ലാം രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. പനി ബാധിച്ചവരില്‍ കൂടുതല്‍ പേര്‍ക്ക് ടൈഫോയ്ഡ് ഉണ്ടാവാനിടയുണ്ട്. പനി ബാധിച്ചവര്‍ ചികില്‍സയിലാണ്.
വിവാഹത്തില്‍ പങ്കെടുത്തവരില്‍ ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ചവരിലും രോഗബധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് വിതരണത്തിനെത്തിച്ച കുടിവെളളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചത്. വിവാഹത്തിലേക്ക് വാഹനത്തിലെത്തിച്ച കുടിവെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. താല്‍മോണല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകളാണ് കുടിവെളളത്തില്‍ കണ്ടെത്തിയത്. കടുത്ത തലവേദന, പനി, ഛര്‍ദ്ദി, ക്ഷീണം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രോഗികളായ അഞ്ചുപേരുടെ രക്തസാംപിളുകള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും, പൂനയിലേക്കും പരിശോധനയ്ക്കയച്ചിരിക്കുകയാണ്. വിവാഹ സല്‍ക്കാരത്തിലേക്ക് പുറമെനിന്നൊരു കിണറ്റിലെ വെള്ളമാണ് വാഹനത്തില്‍ എത്തിച്ചിരുന്നത്. ഇതില്‍ നിന്നുളള സാംപിള്‍ പരിശോധനയ്ക്കയച്ചപ്പോഴാണ് ബാക്ടീരയ കുടിവെള്ളം വഴി പടര്‍ന്നതാണെന്ന് കണ്ടെത്തിയത്. നെടിയിരുപ്പ് മണ്ണാരില്‍ ഭാഗത്ത് പനി ക്യാംപ് നടത്താനും തീരുമാനിച്ചു.
ഏജന്‍സികള്‍ വഴി വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാര പരിശോധന കര്‍ക്കശമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കുടിവെള്ള വിതരണത്തിന് എത്തിക്കുന്ന ജലം ഗുണനിലവാര പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ഇതിന്റെ ഭാഗമായി ദേശീയ പാതയില്‍ ആരോഗ്യ വകുപ്പ് കുടിവെള്ള പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡിനെയും ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുക്കാത്ത പക്ഷം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ സി സുരേഷ് ബാബു പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ വി ഉമ്മര്‍ ഫാറൂഖ്, എം വേലായുധന്‍, ഡോ. സി സുരേഷ് ബാബു, പി പ്രകാശന്‍, വി പി ദിനേഷന്‍, സത്യന്‍ എന്നിവര്‍ പ്രദേശത്ത് പരിശോധന നടത്തി.
Next Story

RELATED STORIES

Share it