Flash News

നീലക്കുറിഞ്ഞി സംരക്ഷിത പ്രദേശം ദേശീയ ഉദ്യാനമാക്കി അന്തിമ വിജ്ഞാപനം ഇറക്കും



തിരുവനന്തപുരം: ദേവികുളം താലൂക്കിലെ കൊട്ടക്കമ്പൂര്‍, വട്ടവട മേഖലകളിലെ നീലക്കുറിഞ്ഞി സംരക്ഷിത പ്രദേശം ദേശീയ ഉദ്യാനമാക്കി ഉടനെ അന്തിമ വിജ്ഞാപനം ഇറക്കും. പരാതികള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും അതിര്‍ത്തി പുനര്‍നിശ്ചയിച്ച് അന്തിമ വിജ്ഞാപനം ഇറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും നിയമസഭയില്‍ വ്യക്തമാക്കി. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാനായി ഉത്തരവുകള്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു ഇരുവരും. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 2007ലാണ് ദേശീയ ഉദ്യാനമാക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം ഇറക്കിയത്. ഇതിന്റെ അതിരുകള്‍ പുനര്‍നിര്‍ണയിച്ച് ഉടനെ അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് റവന്യൂമന്ത്രി പറഞ്ഞു. നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച അന്തിമ വിജ്ഞാപനം തര്‍ക്കങ്ങള്‍ തീര്‍ത്തു പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. മൂന്നാറില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു കൈയേറ്റവും ഉണ്ടായിട്ടില്ല. മുമ്പ് പറഞ്ഞതുപോലെ ഇനി കൈയേറാന്‍ തോന്നാത്തവിധത്തില്‍ തന്നെ അവിടെ ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏലമലക്കാടുമായി ബന്ധപ്പെട്ട ഭൂമിയുടെ കാര്യത്തില്‍ ഒരു തര്‍ക്കപ്രശ്‌നവും നിലനില്‍ക്കുന്നില്ല. നേരത്തേ നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് അവിടെ പട്ടയവിതരണം നടത്താന്‍ പോവുകയാണ്. അതിന്റെ ആഹഌദത്തിലാണ് അവിടത്തെ ജനങ്ങളും കര്‍ഷകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 27ന് ഇടുക്കിയിലെയും മൂന്നാറിലെയും ഭൂമിപ്രശ്—നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. അത്തരം ഒരു യോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് എതിരായി ഒരു തീരുമാനവും അവിടെ എടുത്തിട്ടില്ല. യോഗത്തിനു ശേഷവും മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നുണ്ട്. അതിന് ഒരു തടസ്സവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. കൈയേറ്റമൊഴിക്കല്‍ നടപ—ടികള്‍ അട്ടിമറിക്കുന്ന വിധത്തില്‍ നിലവിലെ ഉത്തരവുകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്താനൊരുങ്ങുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി. മൂന്നാറിലെ സിപിഎം കൈയേറ്റമൊഴിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്നും പ്രതിപക്ഷം ചോദിച്ചു. ആല്‍ബിനും ലംബോധരനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍െപ്പടെയുള്ളവരാണ് ഭൂമി കൈയേറിയതെന്നും ഇത് ഒഴിപ്പിച്ച് മാതൃക കാട്ടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it