Flash News

നീലക്കുറിഞ്ഞി ഉദ്യാന അതിര്‍ത്തി പുനര്‍നിര്‍ണയം: ഉത്തരവ് കൈയേറ്റക്കാരെ സഹായിക്കാനെന്നു വിമര്‍ശനം

സി എ  സജീവന്‍
തൊടുപുഴ: നീലക്കുറിഞ്ഞി ഉദ്യാന അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് കൈയേറ്റക്കാരെ സഹായിക്കാനാണെന്നു വിമര്‍ശനം. നീലക്കുറിഞ്ഞിയില്ലാത്ത സംരക്ഷിത വനപ്രദേശം ഉള്‍പ്പെടുത്തി നിലവിലുള്ള ഉദ്യാനത്തിന്റെ വിസ്തൃതി നിലനിര്‍ത്തുന്നതിനും അതുവഴി വന്‍കിട കൈയേറ്റക്കാര്‍ക്ക് പട്ടയം ലഭ്യമാക്കാനും വഴിയൊരുക്കുന്നതാണ് ഉത്തരവിലെ പരാമര്‍ശങ്ങളെന്നാണ് മുഖ്യ ആക്ഷേപം.
ചീഫ് സെക്രട്ടറി പോള്‍ ആന്റണി പുറത്തിറക്കിയ ഉത്തരവിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയി ല്‍ വരുന്ന ഭൂമിയില്‍ കൈവശരേഖയുള്ളവര്‍ക്കു പട്ടയം നല്‍കുമെന്ന തീരുമാനമാണു സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നത്. മൂന്നാര്‍, ദേവികുളം മേഖലയില്‍ വ്യാജ പട്ടയങ്ങള്‍ സുലഭമാണ്. ഇടുക്കിയിലെ ഭൂമികൈയേറ്റം അന്വേഷിച്ച നിരവധിയായ കമ്മീഷനുകളും ഉന്നത ഉദ്യോഗസ്ഥസംഘവും ഇക്കാര്യം അവരുടെ റിപോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇവ കണ്ടെത്താനോ പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനോ ഇന്നോളം റവന്യൂ വകുപ്പ്് തയ്യാറായിട്ടില്ല. വ്യാജരേഖകളും പട്ടയങ്ങളും പരിശോധിക്കാന്‍ പോലിസ്-റവന്യൂ-വനം ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സമിതികള്‍ രൂപീകരിച്ചെങ്കിലും അവയൊക്കെ ഫയലില്‍ മാത്രമൊതുങ്ങിയ നിലയാണ്. ഈ സാഹചര്യത്തില്‍ കൈവശരേഖയുള്ളവര്‍ക്ക് പട്ടയം നല്‍കുമെന്ന ഉത്തരവ് കൈയേറ്റക്കാര്‍ ദുരുപയോഗം ചെയ്യുമെന്നത് ഉറപ്പാണെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ രേഖകള്‍ ഹാജരാക്കിയാല്‍ അതിന്റെ നിജസ്ഥിതി പരിശോധിക്കാനുള്ള യാതൊരു സംവിധാനവും റവന്യൂ വകുപ്പിനില്ല.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി 3,200 ഹെക്റ്റര്‍ ആയി നിലനിര്‍ത്തുന്നതിനായി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന കൊട്ടക്കാമ്പൂര്‍ ബ്ലോക്ക് നമ്പര്‍ 58, വട്ടവട ബ്ലോക്ക് നമ്പര്‍ 62 എന്നിവിടങ്ങളിലെ കൈവശരേഖയുള്ളവര്‍ക്കാണ് പട്ടയം നല്‍കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ചാവും പട്ടയം നല്‍കുകയെന്ന് ഉത്തരവില്‍ പറയുന്നു. വന്‍കിട കൈയേറ്റക്കാരെന്ന് സര്‍ക്കാരിന്റെ വിവിധ സമിതികള്‍ കണ്ടെത്തിയ ജോര്‍ജ് മൈജോ, റോയല്‍ പ്ലാന്റേഷന്‍ തുടങ്ങിയ വന്‍കിടക്കാരെ സഹായിക്കാനുദ്ദേശിച്ചുള്ളതാണ് ഈ തീരുമാനമെന്നും ആരോപണമുണ്ട്. ജോയ്‌സ് ജോര്‍ജ് എംപിയുടെ റദ്ദാക്കിയ വിവാദ പട്ടയവും ഈ ബ്ലോക്കിലാണ്. ഇൗ ബ്ലോക്കി ല്‍ സംരക്ഷിത വനമാണ് കൂടുതലെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി 3,200 ഹെക്റ്ററായി നിലനിര്‍ത്താന്‍ ബ്ലോക്ക് നമ്പര്‍ 59, 60, 61, 63ലെ റവന്യൂ ഭൂമി ഉള്‍പ്പെടുത്തുമെന്നും ഉത്തരവില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്. നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച വനം-വൈദ്യുതി-റവന്യൂ മന്ത്രിതല സംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൈവശരേഖയുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചതെന്നും ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it