Flash News

നീറ്റ് : സ്റ്റേ നീക്കി ; ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രിംകോടതി ഉത്തരവ്



ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രിംകോടതി ഉത്തരവ്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് മദ്രാസ്, ഗുജറാത്ത് ഹൈക്കോടതികളിലുള്ള ഹരജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന സിബിഎസ്ഇയുടെ ആവശ്യം അംഗീകരിച്ച കോടതി, നീറ്റ് പരീക്ഷ സംബന്ധിച്ച ഹരജികള്‍ കീഴ്‌ക്കോടതികള്‍ പരിഗണിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുവച്ച മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി സി പന്തും ദീപക് ഗുപ്തയും അടങ്ങുന്ന സുപ്രിംകോടതി അവധിക്കാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പരീക്ഷ നടത്തിയ സിബിഎസ്ഇയുടെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞമാസം ഏഴിനു രാജ്യവ്യാപകമായി നടന്ന നീറ്റ് പരീക്ഷ 12 ലക്ഷം വിദ്യാര്‍ഥികളാണ് എഴുതിയത്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ചോദ്യ പേപ്പറുകളായതിനാല്‍ ചില വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എളുപ്പവും ചിലര്‍ക്ക് ബുദ്ധിമുട്ടുമായെന്നു ചൂണ്ടിക്കാട്ടി തിരുച്ചിറപ്പള്ളി സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ഫലം തടഞ്ഞുവച്ചത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യംചെയ്താണ് സിബിഎസ്ഇ സുപ്രിംകോടതിയെ സമീപിച്ചത്. ഫലം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം തള്ളണമെന്നുമാണ് സിബിഎസ്ഇ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും കൂടാതെ മറ്റ് എട്ടു പ്രാദേശിക ഭാഷകളിലും സുപ്രിംകോടതി നിര്‍ദേശപ്രകാരം പരീക്ഷ നടത്തിയതായി സിബിഎസ്ഇക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് പറഞ്ഞു. ഫലം പ്രസിദ്ധീകരിക്കുന്നതിന് സിബിഎസ്ഇക്ക് സുപ്രിംകോടതി അനുമതി നല്‍കിയെങ്കിലും കൗണ്‍സലിങും മറ്റു പ്രവേശനനടപടികളും മുന്‍വര്‍ഷങ്ങളില്‍ സുപ്രിംകോടതി നല്‍കിയ നിര്‍ദേശത്തെ ആശ്രയിച്ചായിരിക്കുമെന്ന് രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചു. പ്രവേശനത്തെ ബാധിക്കുന്ന വിധത്തില്‍ നീറ്റ് ഷെഡ്യൂളില്‍ ഹൈക്കോടതി ഇടപെടരുതായിരുന്നുവെന്നു ബെഞ്ച് അഭിപ്രായപ്പെട്ടു. വേനലവധിക്കുശേഷം കേസില്‍ വിശദമായ വാദം കേട്ടശേഷം അന്തിമവിധി പുറപ്പെടുവിക്കും.
Next Story

RELATED STORIES

Share it