നീറ്റിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ വാദം തുടങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷ പ്രത്യേകം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മെഡിക്കല്‍ കോളജുകളും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ ഒറ്റ പരീക്ഷ മതിയെന്ന് കഴിഞ്ഞമാസം 29ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
മെയ് ഒന്നിനും ജൂലൈ 24നും രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന നീറ്റ് പരീക്ഷയ്ക്കാണു കോടതി അനുമതി നല്‍കിയിരുന്നത്. ഇതിനെ ചോദ്യംചെയ്താണു സംസ്ഥാനങ്ങളും കോളജുകളും കോടതിയെ സമീപിച്ചത്. നീറ്റിലെ ആദ്യഘട്ട പരീക്ഷ മെയ് ഒന്നിനു സമാധാനമായി നടന്ന സ്ഥിതിക്ക് എല്ലാ ഹരജികളിലും സാവധാനം വാദംകേട്ടശേഷം തീരുമാനത്തിലെത്താമെന്നാണു കോടതിയുടെ നിലപാട്. ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയ്ക്ക് വ്യാപകമായ പ്രചാരണം നല്‍കാന്‍ കോടതി സിബിഎസ്ഇയോട് ആവശ്യപ്പെട്ടു.
ഒന്നാംഘട്ടത്തില്‍ നടന്ന പരീക്ഷയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഹാജരായ കുട്ടികളുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വിചാരണയ്ക്കു മുമ്പ് കോടതി കേന്ദ്രസര്‍ക്കാരിനും സിബിഎസ്ഇക്കും നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങള്‍ ഉന്നയിച്ച ഭാഷാപ്രശ്‌നം, വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുമെന്ന വാദം എന്നിവയൊക്കെയാണ് ബെഞ്ചിനു മുമ്പാകെ വന്ന വിഷയങ്ങള്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഈ വാദങ്ങളെയെല്ലാം എതിര്‍ത്തു.
നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മെഡിക്കല്‍ ആന്റ് ഡെന്റല്‍ കോളജ് അസോസിയേഷന്‍, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, തമിഴ്‌നാട് സര്‍ക്കാര്‍ എന്നിവരുടെ ഹരജികളാണ് ഇന്നലെ പരിഗണനയ്ക്കുവന്നത്.
Next Story

RELATED STORIES

Share it