Kottayam Local

നീറിക്കാട് വീടുകള്‍ ആക്രമിച്ച് മോഷണം : രക്ഷപ്പെട്ട പ്രതിക്കായി പോലിസ് വീണ്ടും തമിഴ്‌നാട്ടിലേക്ക്‌



കോട്ടയം: നീറിക്കാട് മൂന്നു വീടുകളില്‍ ആക്രമണം നടത്തിയ ശേഷം ആഭരണങ്ങളുമായി രക്ഷപ്പെട്ട പ്രതി തമിഴ്‌നാട് ശിവഗംഗയിലെ മറവര്‍ സംഘാംഗം അരുണ്‍രാജിനായി പോലിസ് വീണ്ടും തമിഴ്‌നാട്ടിലേയ്ക്ക്. അരുണ്‍രാജ് നേരത്തെ സ്ഥിരമായി എത്തിയിരുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പോലിസ് സംഘം വീണ്ടും ശിവഗംഗയിലേയ്ക്കു തിരിക്കുന്നത്. മോഷണം നടത്തിയ ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെ പിടിയിലായ തമിഴ്‌നാട് ശിവഗംഗ മാനാമധുരയിലെ രാജാ ബൈസ്‌കൂളിനു സമീപം ശെല്‍വരാജ് (50), രാമനാഥപുരം സായിക്കുട്ടി സിക്കല്‍ ഗ്രാമത്തിലെ രാജ്കുമാര്‍ (21) എന്നിവര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ശെല്‍വരാജും, രാജ്കുമാറും, സഹോദരന്‍ അരുണ്‍രാജ് എന്നിവര്‍ അടങ്ങിയ സംഘം നീറിക്കാട് പ്രദേശത്തെ മൂന്നു വീടുകളില്‍ അക്രമം നടത്തി ആഭരണം കവരുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് രാജ്കുമാറും, ശെല്‍വരാജും പോലിസിന്റെ പിടിയിലായത്. സംഭവ സ്ഥലത്തു നിന്നു ലഭിച്ച സ്വര്‍ണവുമായി രക്ഷപ്പെട്ട അരുണ്‍രാജിനായി പോലിസ് സംഘം തമിഴ്‌നാട്ടില്‍ ഇവരുടെ ഗ്രാമമായ ശിവഗംഗയിലും പോയിരുന്നു. എന്നാല്‍, അരുണ്‍രാജിനെപ്പറ്റി വ്യക്തമായ സൂചനകളൊന്നും പോലിസിനു ലഭിച്ചില്ല. ഇതേ തുടര്‍ന്നു പോലിസ് സംഘം മൂന്നു ദിവസത്തിനു ശേഷം ഇവിടെ നിന്നു മടങ്ങി. 2007 നു ശേഷം അരുണ്‍രാജ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. പൂര്‍ണമായും മോഷണത്തിലേയ്ക്കു തിരിഞ്ഞതോടെയാണ് ഇയാള്‍ മൊബൈല്‍ ഉപയോഗിക്കാതെയായത്. ഇടക്കാലത്ത് കുറച്ചുനാള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു.അരുണ്‍രാജ് നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പരുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ നമ്പരുകളുടെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ച പോലിസ് സംഘം ഇയാള്‍ മുമ്പുണ്ടായിരുന്ന സ്ഥലങ്ങള്‍ കണ്ടെത്തി. ഇതില്‍ ഏറ്റവും കുടുതല്‍ സമയം പ്രതി ചിലവഴിച്ച സ്ഥലങ്ങളില്‍ അന്വേഷണം നടത്തുന്നതിനാണ് ഇപ്പോള്‍ സംഘം യാത്ര തിരിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ അരുണ്‍രാജിനെ അറിയുന്നവരുണ്ടാവാമെന്നും, ഇവരില്‍ നിന്ന് മോഷ്ടാവിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താമെന്നുമാണു പോലിസ് ആലോചിക്കുന്നത്. ഇതിനിടയില്‍ സംസ്ഥാനത്ത് മോഷണം നടത്തുന്ന തമിഴ് മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബാങ്ക് തയ്യാറാക്കി. തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമങ്ങളെന്ന് അറിയപ്പെടുന്ന ശിവഗംഗ, രാമനാട് എന്നീ ജില്ലകളിലെ കുറ്റവാളികളുടെ ചിത്രം മോഷണരീതി, കേസുകളുടെ വിവരം ഇവ ഉള്‍പ്പെടുത്തിയാണ് ഡാറ്റാബാങ്കാണ് പോലിസ് തയ്യാറാക്കിയിരിക്കുന്നത്. രാമനാട്, ശിവഗംഗ ജില്ലാ പോലിസ് മേധാവികളുടെ സഹകരണത്തോടെയാണ് തയ്യാറാക്കിയത്.ഈ വിവരങ്ങള്‍ ആവശ്യം വരുന്ന മുറയ്ക്ക് മറ്റ് ജില്ലകള്‍ക്കും കൈമാറും.
Next Story

RELATED STORIES

Share it