നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ല്: സിപിഐക്ക് ആശങ്ക

തിരുവനന്തപുരം: നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ല് പാസാക്കാന്‍ ഒപ്പം നിന്നെങ്കിലും നിയമത്തിന്റെ ദുരുപയോഗത്തെച്ചൊല്ലി സിപിഐക്ക് ആശങ്ക. സര്‍ക്കാര്‍ അംഗീകാരം നല്‍കുന്ന സംരംഭങ്ങള്‍ക്ക് വയല്‍ നികത്താമെന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥയാണ് ആശങ്കയ്ക്ക് കാരണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെഎസ്‌ഐഡിസി പോലുള്ള സംരംഭകത്വ പ്രോല്‍സാഹന ഏജന്‍സികളുടെ അംഗീകാരം സര്‍ക്കാര്‍ അംഗീകാരമാക്കി സ്വകാര്യ ലോബികള്‍ക്ക് വയല്‍ നികത്തലിന് വഴിയൊരുക്കാം.
നിലവില്‍ പല സ്വകാര്യ പദ്ധതികള്‍ക്കും കെഎസ്ഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ഇതാണ് സിപിഐ കാണുന്ന പ്രധാന അപകടം. എന്നാല്‍, അത്തരത്തിലുള്ള പദ്ധതികള്‍ക്ക് ഇളവ് നല്‍കണമെങ്കില്‍ കാബിനറ്റ് തീരുമാനിക്കണമെന്നതാണ് പാര്‍ട്ടിക്കു മുന്നിലുള്ള ഏക ആശ്വാസം. മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സിപിഐക്ക് ബില്ലിനെ അനുകൂലിക്കേണ്ടിവന്നത്.
'സര്‍ക്കാരിന്റെ അംഗീകാരമുള്ള പദ്ധതികള്‍ക്കോ സംരംഭങ്ങള്‍ക്കോ വേണ്ടി നെല്‍വയല്‍ നികത്താമെ'ന്ന ക്ലോസായിരുന്നു നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിന്റെ കാതല്‍. ഈ വ്യവസ്ഥ ദുര്‍വ്യാഖ്യാനം ചെയ്യാമെന്നുകണ്ട് ഇതില്‍ കൂടുതല്‍ കൃത്യത വരുത്തണമെന്നായിരുന്നു റവന്യൂ മന്ത്രിയുടെയും സിപിഐയുടെയും നിലപാട്. ഇതനുസരിച്ച് 'സര്‍ക്കാരിന് അംഗീകാരമുള്ള' എന്നതു മാറ്റി 'സര്‍ക്കാര്‍ പദ്ധതി' എന്ന ഭേദഗതി സിപിഐ എംഎല്‍എമാര്‍ നിര്‍ദേശിച്ചു. എന്നാല്‍, മുഖ്യമന്ത്രി ഇതിനോട് യോജിച്ചില്ല.
Next Story

RELATED STORIES

Share it