wayanad local

നീര്‍ച്ചാലുകള്‍ വീണ്ടെടുക്കാന്‍ കൂട്ടായ്മ



കല്‍പ്പറ്റ: ജനപങ്കാളിത്തത്തോടെ ജലസ്രോതസ്സുകളുടെ സംരക്ഷണം എന്ന ഹരിതകേരളം മിഷന്റെ മുദ്രാവാക്യം ഏറ്റെടുത്ത് വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പുഴയും നീരുറവകളും സംരക്ഷിക്കാനുള്ള ജനകീയ കൂട്ടായ്മക്ക് തുടക്കമിടുന്നു. ജില്ലയുടെ 37ാം പിറന്നാള്‍ ദിനം കൂടിയായ കേരളപ്പിറവി ദിനത്തില്‍ രാവിലെ 9ന് ലക്കിടി ചങ്ങലമരത്തിന് സമീപം സി കെ ശശീന്ദ്രന്‍ എംഎല്‍എ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ചിറാപ്പുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടി ഉള്‍പ്പെട്ട വൈത്തിരി ഗ്രാമപ്പഞ്ചായത്തിലും വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയിലൂടെ പുഴ സംരക്ഷിക്കാന്‍ നാടൊന്നാകെ ഒത്തുചേരുന്നത്. ലക്കിടി മണ്ടമലയില്‍ നിന്നുല്‍ഭവിക്കുന്ന കബനിയുടെ കൈത്തോടുകളും ജലസ്രോതസ്സുകളും വീണ്ടെടുക്കാനും പരിപാലിക്കുവാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനായി തൊട്ടടുത്ത ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തി വരെ ഓരോ കിലോമീറ്ററിലും വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. മുള, ഓട, കൈത എന്നിവ നട്ടുപിടിപ്പിച്ചും തോടരികില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചും വൈത്തിരി പുഴയെ സംരക്ഷിക്കും. പുഴയിലെ ശുദ്ധജലത്തില്‍ നീന്തല്‍, സമൂഹസ്‌നാനം, സമൂഹസദ്യ, തീരങ്ങളില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. ഇതിനായി നാട്ടകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രവാസികളുടെയും സഹകരണം തേടും. വിമുക്തഭടന്‍മാര്‍, സ്റ്റുഡന്റ് പോലിസ്, എന്‍സിസി, എന്‍എസ്എസ് വോളന്റിയര്‍മാര്‍ പുഴ സംരക്ഷണത്തിന്റെ ഭാഗമായി റിവര്‍ പട്രോളിങ് നടത്തും.  പുഴയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. പുഴയുടെ നിര്‍ഗമന മാര്‍ഗങ്ങളില്‍ പ്ലാസ്റ്റിക്, ഖരമാലിന്യങ്ങള്‍ എന്നിവ ഒഴിവാക്കും. പുഴയുടെ അതിര്‍ത്തി നിര്‍ണയിച്ച്  കൈയേറ്റം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി പഞ്ചായത്തില്‍ സ്ഥിരതാമസമാക്കിയ റവന്യൂ വകുപ്പ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സന്നദ്ധസേവനം തേടും. ജാഗ്രതാ സമിതികള്‍ തയ്യാറാക്കുന്ന പ്രതിമാസ റിപോര്‍ട്ടുകള്‍ പഞ്ചായത്ത് തല കോ-ഓഡിനേഷന്‍ കമ്മിറ്റി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. മണ്ണ്-ജല സംരക്ഷണത്തിനായി വിവിധ വകുപ്പുകളുടെ സാങ്കേതിക സേവനവും ലഭ്യമാക്കും.  ഗ്രാമസഭാ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുഴ സംരക്ഷണത്തിനായുള്ള തുടര്‍പദ്ധതികള്‍ തയ്യാറാക്കുക. സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കിയും ജലവിഭവ വിനിയോഗം നിരീക്ഷിച്ചും ജലസമ്പത്ത്  കാത്തുസൂക്ഷിക്കും. നാളെ വൈകീട്ട് 3ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിപുലമായ ജനകീയ കണ്‍വന്‍ഷന്‍ നടത്തും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍, വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, വിവിധ വകുപ്പ് ജീവനക്കാര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it