Alappuzha local

നീതി നിഷേധത്തിനെതിരേ പ്രതിഷേധ ധര്‍ണ നടന്നു



ആലപ്പുഴ: ഹാദിയ വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണയും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനും ബീഫ് നിരോധനത്തിനുമെതിരേ ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു. മൂന്ന് വര്‍ഷമായി ഇസ്ലാമിക ആചാരപ്രകാരം ജീവിക്കുകയും മതനിയമ പ്രകാരം വിവാഹം കഴിക്കുകയും ചെയ്ത ഹാദിയ എന്ന പെണ്‍കുട്ടിയുടെ  നിക്കാഹു മായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തുവിട്ട വിധിന്യായം  കടുത്ത വിവേചനമാണ്  ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ മഹാരാജ്യത്ത് കേട്ട്‌കേഴ്‌വി പോലുമില്ലാത്ത വിധിന്യായം പുറപ്പെടുവിച്ചതിലൂടെയും ഭാരതത്തില്‍ നടന്നുവരുന്ന സമകാലീക സംഭവങ്ങള്‍ ചേര്‍ത്ത്  വായിക്കുന്നതിലൂടെയും  രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോട് ഭരണകൂടം കാട്ടുന്ന വേര്‍തിരിവാണ്  പ്രകടമാകുന്നതെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് മസ്താന്‍ പള്ളി ചീഫ് ഇമാം ജഅഫര്‍ സാദിഖ് സിദ്ദീഖി പറഞ്ഞു. ജനങ്ങളുടെ സമാധാനത്തിനും സംരക്ഷണത്തിനും വേണ്ടി നിലകൊള്ളേണ്ട ഭരണകൂടം മതപരമായ ചേരിതിരിവ് സൃഷ്ടിച്ച് ഭാരതീയരെ പരസ്പരം അകറ്റുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ഫൈസല്‍ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ വടുതല മുഖ്യപ്രഭാഷണം നടത്തി. എ എം നസീര്‍, ജനറല്‍ കണ്‍വീനര്‍ ഹാരിസ് സലീം, പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, പി എ അബൂബക്കര്‍ എസ്എംജെ ,ബിഎ ഗഫൂര്‍, സജ്ജാദ് അല്‍ ഖാസിമി, അബ്ദുസ്സത്താര്‍ ബാഖവി, എം കെ നവാസ്, അയ്യൂബ്, എഎംഎം ശാഫി റഹ്മത്തുല്ലാഹ്, ഷാജി കോയ, എം ബാബു, നിയാസ് മസ്‌കന്‍, എം സാലിം, ലിയാഖത്ത്   സംസാരിച്ചു.
Next Story

RELATED STORIES

Share it