നീതി ആയോഗ് റിപോര്‍ട്ടിന് മുമ്പില്‍ ബിജെപി ഏത്തമിടണം: ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക സുരക്ഷാ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിതമായ വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാക്കള്‍ നീതി ആയോഗിന്റെ ആരോഗ്യ സൂചികാ റിപോര്‍ട്ടിന് മുന്നില്‍ 101 ഏത്തമിടണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ആരോഗ്യസൂചികയില്‍ കേരളം ഒന്നാമതും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും രാജ്യത്തിനാകെ മാതൃകയാണു കേരളം. ആ നേട്ടങ്ങളുടെ ഏഴയലത്തു പോലും ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്ല. അങ്ങനെയുള്ള കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാണിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. കേരളത്തിന്റെ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണു നീതി ആയോഗ് റിപോര്‍ട്ട്. നാലു മാസം മുമ്പ് കേരളത്തിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യരംഗത്തു കേരളം യുപിയെ കണ്ടു പഠിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചെന്ന ഹൃദയഭേദകമായ വാര്‍ത്തയ്ക്കു മുന്നില്‍ രാജ്യം ശ്വാസം നിലച്ചു നിന്നപ്പോഴായിരുന്നു യോഗിയുടെ ഈ വിഡ്ഢിത്തം. ഇന്ത്യയില്‍ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. കേരളത്തില്‍ ആയിരത്തിന് 12 എന്ന കണക്കിലാണു ശിശുമരണനിരക്ക്. ഉത്തര്‍പ്രദേശില്‍ അത് 50 ആണ്. ഇത്തരം ജീവിത സൂചികകളുടെ കാര്യത്തില്‍ കേരളം ലോകനിലവാരത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. എന്നാല്‍ ജനസംഖ്യാ വര്‍ധനയ്ക്ക് അനുസരിച്ചു പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ കൂടുകയല്ല, കുറയുകയാണു ചെയ്യുന്നത്. രാഷ്ട്രീയലാഭം സ്വപ്‌നംകണ്ടു മൂന്നാംകിട നുണപ്രചാരണം നടത്തുകയായിരുന്നു ബിജെപി. ശോചനീയമായ ഈ അവസ്ഥയ്ക്കു സാമൂഹിക പങ്കാളിത്തത്തോടെ പരിഹാരം കാണുന്നതിനു പകരം വര്‍ഗീയത ഇളക്കിവിടുകയാണെന്നും മന്ത്രി ഡോ. ടി എം തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it