നീതിപീഠം ദൈവം: ജിഷയുടെ മാതാവ് രാജേശ്വരി

കൊച്ചി: തന്റെ മകളെ കൊന്നവന് വധശിക്ഷ നല്‍കിയ നീതിപീഠം ദൈവമാണെന്നും നീതിപീഠത്തിനും പോലിസിനും 1000 നന്ദിയെന്നും കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ മകള്‍ക്കും സൗമ്യക്കും വന്ന വിധി ഇനി ഒരു പെണ്‍കുട്ടിക്കും തനിക്കുവന്നതുപോലുള്ള അവസ്ഥ ഒരു അമ്മയ്ക്കും ഉണ്ടാവാന്‍ പാടില്ലെന്നും രാജേശ്വരി പറഞ്ഞു. ഇതുപോലുള്ള ഒരു കൊലപാതകിയെപ്പോലുള്ള മക്കള്‍ ഒരമ്മയ്ക്കും ഉണ്ടാവരുതെന്നാണു താന്‍ ആഗ്രഹിക്കുന്നതെന്നും രാജേശ്വരി പറഞ്ഞു. തന്റെ മകളെ ക്രൂരമായിട്ടാണ് പ്രതി അമീറുല്‍ ഇസ് ലാം കുത്തിക്കൊലപ്പെടുത്തിയത്. ആ പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ച ജഡ്ജി ദൈവമാണെന്നും രാജേശ്വരി പറഞ്ഞു. തന്റെ മകള്‍ക്ക് നീതികിട്ടാന്‍ വേണ്ടി കൂടെനിന്ന ലോകത്തോടും താന്‍ നന്ദിപറയുകയാണ്. താന്‍ ആഗ്രഹിച്ച വിധിതന്നെ പ്രതിക്കു ലഭിച്ചുവെന്നും രാജേശ്വരി പറഞ്ഞു.തന്റെ സഹോദരിയെ കൊന്ന പ്രതിക്ക് അര്‍ഹമായ ശിക്ഷതന്നെയാണ് കോടതി നല്‍കിയിരിക്കുന്നതെന്ന് കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷമായി തന്റെ സഹോദരിക്ക് നീതിലഭിക്കാന്‍ വേണ്ടി പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നന്ദിപറയുന്നു. വധശിക്ഷ വിധിക്കണമെന്നുതന്നെയായിരുന്നു ആഗ്രഹം. അവളെ ഇല്ലാതാക്കിയ പ്രതിക്ക് തൂക്കുകയര്‍ ലഭിച്ചത് തങ്ങള്‍ക്ക് ആശ്വാസകരമാണ്. ഇനി വിധി നടപ്പായി കിട്ടിയാലേ തങ്ങള്‍ക്ക് സമാധാനമാവുകയുള്ളൂവെന്നും ദീപ പറഞ്ഞു.
Next Story

RELATED STORIES

Share it