ernakulam local

നീണ്ട കാത്തിരിപ്പിനൊടുവില്‍ വെളിച്ചമെത്തി; ആദിവാസി കുടിലുകളില്‍ ആഘോഷം



റഷീദ് മല്ലശേരി

പെരുമ്പാവൂര്‍: പൊങ്ങിന്‍ ചുവട് ആദിവാസി കുടിലുകളില്‍ വെളിച്ചമെത്തി. കാണി മൂപ്പനും പരിവാരങ്ങള്‍ക്കും പെരുത്ത് സന്തോഷം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലെ വേങ്ങൂര്‍ പഞ്ചായത്തില്‍പെട്ട ഇടമലയാര്‍ പൊങ്ങില്‍ ചുവട് ആദിവാസി കോളനിയിലെ 109 കുടിലുകളിലും കോതമംഗലം  മണ്ഡലത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ താളുകണ്ടം കോളനിയിലെ 48 കുടിലുകളിലും വെളിച്ചമെത്തിയത്. ജില്ലയിലെ ഏക ആദിവാസി ഗിരിവര്‍ഗ കോളനി കൂടിയാണ് പൊങ്ങിന്‍ ചുവട്. ഇതുവരെ മണ്ണെണ വിളക്കില്‍ പ്രകാശം കണ്ടിരുന്ന കോളനി നിവാസികള്‍ക്ക് രാത്രി ലൈറ്റിന്റെ വെളിച്ചം കണ്ടതോടെ അവര്‍ കുടിലുകളില്‍ സന്തോഷ നൃത്തമാടി. ട്രൈബല്‍ എസ്ഇ വകുപ്പു ഫണ്ടായ മൂന്നു കോടിയുപയോഗിച്ചാണ് ഇടമലയാര്‍ ഡാമില്‍ നിന്നും എട്ടര കിലോമീറ്റര്‍ അണ്ടര്‍ കേബിള്‍ വലിച്ച് വൈദ്യുതിയെത്തിച്ചത്. ഇതിനായി ഇരു കോളനികളിലും ഒരോ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു. വേങ്ങൂര്‍ ഇലട്രിക് സെക്ഷന്റെ കീഴിലായിരുന്നു പണി നടന്നിരുന്നത്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് തുടങ്ങിയ പണിയെ തുടര്‍ന്ന് ഇന്നലെ മുതലാണ് കോളനിയില്‍ വെളിച്ചമെത്തിയത്. കോളനിയിലെ ഓരോ വീടുകളില്‍ രണ്ടു എല്‍ഇഡി ബള്‍ബുകളും ഒരു പ്ലഗ് പോയന്റു വീതമാണ് ഗവണ്‍മെന്റ് സൗജന്യമായി ചെയ്തു നല്‍കിയത്. തുടര്‍ന്ന് ഇന്നലെ വൈദ്യുതി വകുപ്പ് വൈദ്യുതി സുരക്ഷ ക്ലാസും എടുത്തു. വഴിവിളക്കുകള്‍ പിന്നീട് സ്ഥാപിക്കാനാണ് പദ്ധതി.1996 ല്‍ പൊങ്ങിന്‍ ചുവട് കോളനിയില്‍ ഒരു ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് ഇലട്രിക് പോസ്റ്റിട്ട് ലൈന്‍ വലിച്ചിരുന്നെങ്കിലും രണ്ട് ദിവസം മാത്രമെ ആസന്തോഷം ആദിവാസി കുടിലുകളില്‍ നീണ്ടുനിന്നുള്ളൂ. മരം മറിഞ്ഞു വീണും ആനകുത്തിയും പോസ്റ്റുകളും ഇലട്രിക് കേബിളും തകര്‍ന്നിരുന്നു. പിന്നീട് വൈദ്യുതി കമ്പികള്‍ വ്യാപകമായി കളവുപോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് സൗജന്യ സോളാര്‍ വിതരണം ചെയ്‌തെങ്കിലും ഗുണകരമായില്ല. പിന്നീട് ആദിവാസി കുടിലുകളില്‍ വെളിച്ചമെത്താന്‍ രണ്ട് പതിറ്റാണ്ട് കാത്തിരിക്കേണ്ടതായിവന്നു.
Next Story

RELATED STORIES

Share it