Kollam Local

നീണ്ടകരയില്‍ വീണ്ടും കടല്‍ക്ഷോഭം; നിരവധി വീടുകളില്‍ വെള്ളം കയറി

ചവറ:  ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള പ്രകൃതിക്ഷോഭത്തില്‍ ചവറയുടെ തീരമേഖലയില്‍ വീണ്ടും  ശക്തമായ കടല്‍ക്ഷോഭം. കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറി. തീരത്തെ നൂറോളം വീടുകളില്‍ വെള്ളം കയറി.
വീട്ടുകാര്‍ പ്രാണരക്ഷാര്‍ത്ഥം വീടിനു പുറത്തിറങ്ങി രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി 11.30 മുതല്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണി വരെയാണ് കടല്‍ഭിത്തി കടന്ന് തിരമാലകള്‍ കരയിലെത്തിയത്.
തീരദേശ മേഖലയായ വേട്ടുതറ, പോര്‍ട്ട് വാര്‍ഡ് എന്നിവിടങ്ങളിലാണ് രൂക്ഷമായ കടല്‍ കയറ്റമുണ്ടായത്. വീടുകള്‍ക്കുള്ളില്‍ വരെ തിരമാലകള്‍ കയറിയതോടെ 300 ഓളം പേരെ രാത്രി തന്നെ നീണ്ടകര സെന്റ് ആഗ്‌നസ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തീരദേശ റോഡുകളും വീടിന് ചുറ്റും കടല്‍ വെള്ളം നിറഞ്ഞ നിലയിലായിരുന്നു.
വീടുകള്‍ക്കൊപ്പം നിരവധി മല്‍സ്യ ഷെഡുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സൂക്ഷിച്ചിരുന്ന മല്‍സ്യങ്ങളടക്കം നഷ്ടമായതായി വീട്ടുകാര്‍ പറഞ്ഞു. തോപ്പില്‍ പടിഞ്ഞാറ്റതില്‍ ക്രിസ്റ്റഫര്‍, പീറ്റര്‍ എന്നിവരുടെ വീടുകള്‍ക്കും, മല്‍സ്യ ഷെഡിനും കേടുപാടുകള്‍ സംഭവിച്ചു. രണ്ട് ദിവസം മുന്‍പും ഇവിടെ കടല്‍ക്ഷോഭമുണ്ടായിരുന്നു. ശക്തമായ കാറ്റിനൊപ്പമാണ് തിരമാലകള്‍ എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഹാര്‍ബറിന് വടക്ക് ഭാഗം മുതല്‍ ചീലാന്തി ജങ്ഷന് പടിഞ്ഞാറ് വരെ നൂറ് കണക്കിന്  വീടുകളാണിവിടെയുള്ളത്. വീടിന്റെ ഭിത്തികളില്‍ ശക്തമായ തിരകള്‍ പതിച്ച് കേടുപാടുകള്‍ സംഭവിച്ചു. പുലരും വരെ ഉറങ്ങാതെ വിടിന് പുറത്താണ് പലരും സമയം ചിലവഴിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു. രാത്രി തന്നെ ചവറ പോലിസ്, കോസ്റ്റല്‍ പോലിസ്, പഞ്ചായത്ത്, വില്ലേജധികൃതര്‍ എത്തിയാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.   കടല്‍കയറ്റമുണ്ടായ സ്ഥലങ്ങളില്‍  എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എന്‍ വിജയന്‍ പിള്ള എംഎല്‍എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായ, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കോവില്‍ത്തോട്ടം 132 മേഖലയില്‍  കടല്‍കയറ്റമുണ്ടായമുണ്ടായതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.   രാത്രിയില്‍ വലിയ ശബ്ദത്തോടെ തിരമാലകള്‍ സംരക്ഷണഭിത്തിയും തകര്‍ത്ത് വീടുകളിലേക്ക് കയറുകയായിരുന്നുവെന്ന് തീരവാസികള്‍ പറഞ്ഞു. 130 കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. സംഭവമറിഞ്ഞ് കെഎംഎംഎല്‍, ഐആര്‍ഇ അധികൃതര്‍ ഇടപെട്ട് മണല്‍ നിറച്ച ചാക്കുകളെത്തിച്ച് താല്‍ക്കാലിക സംരക്ഷണഭിത്തികള്‍ തീര്‍ത്തെങ്കിലും ശക്തമായ തിരയെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിയില്ലന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it