Editorial

നീക്കുപോക്കില്ലാത്ത രാഷ്ട്രീയമുണ്ടോ?

രാജ്യസഭയില്‍ ഒഴിവു വരുന്ന സീറ്റ് കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനു നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വമെടുത്ത തീരുമാനം പാര്‍ട്ടിയില്‍ വലിയ വിമര്‍ശനത്തിനും ചില പൊട്ടിത്തെറികള്‍ക്കും കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസ്സിലെ യുവനേതാക്കള്‍ കുപിതരാണ്. തങ്ങളിലൊരാള്‍ക്കു കിട്ടണമെന്ന് അവര്‍ വാശിപിടിച്ച സീറ്റാണ് കൈയാലപ്പുറത്തിരുന്ന കെ എം മാണി കൊണ്ടുപോയത്.
കോണ്‍ഗ്രസ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് വിട്ടുകൊടുത്തത് സന്തോഷത്തോടെയാവില്ല എന്നു തീര്‍ച്ചയാണ്. സ്വന്തം കവചകുണ്ഡലങ്ങള്‍ അഴിച്ചുകൊടുത്ത കര്‍ണനെപ്പോലെയുള്ള ദാനശീലരല്ലല്ലോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത്. സീറ്റുദാനം വേണ്ടിവന്നത് നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളില്‍ മറ്റു നില്‍ക്കക്കള്ളിയൊന്നും ഇല്ലാത്തതിനാല്‍ തന്നെയാണ്. അത് പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും അറിയുകയും ചെയ്യാം. അക്കാരണംകൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അധികകാലം തുടരുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാന്യമായ പ്രകടനം അനിവാര്യമാണ്. തെക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സംവിധാനവും നേതൃത്വവും നിലനില്‍ക്കുന്ന പ്രദേശമാണ് കേരളം. അവിടെ പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവിന് അത്യാവശ്യമാണ്.
എന്നാല്‍, മലബാറില്‍ മുസ്്‌ലിംലീഗിന്റെയും മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ്സിന്റെയും പിന്തുണയില്ലാതെ യുഡിഎഫിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ അതിന്റെ പിന്തുണ വര്‍ധിപ്പിക്കുന്നതായാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. വിവിധ സാമുദായിക നേതാക്കളുമായും ശക്തമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ സിപിഎം നേതൃത്വം വിജയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലേക്കും തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
അതിനാല്‍, 2019ലെ തിരഞ്ഞെടുപ്പ് 2004ന്റെ ആവര്‍ത്തനമായി മാറാതിരിക്കണമെങ്കില്‍ യുഡിഎഫില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ചുനീങ്ങാന്‍ വിവിധ കക്ഷികള്‍ തയ്യാറാവുക മാത്രമേ കരണീയമായിട്ടുള്ളൂ. അതു സാധ്യമാക്കാന്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കിയത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്. മാണിയുമായുള്ള കോണ്‍ഗ്രസ്സിന്റെ ബന്ധങ്ങള്‍ അത്രയേറെ വഷളായിക്കഴിഞ്ഞിരുന്നു.
അത്തരമൊരു പ്രതിസന്ധിയില്‍ മഞ്ഞുരുക്കം സാധ്യമാക്കുന്നതിന് കോണ്‍ഗ്രസ് കൊടുക്കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തെ രാജ്യസഭാ സീറ്റ്. ഒരുപക്ഷേ, അത് അടുത്ത തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു തിരിച്ചുവരവിന് കോണ്‍ഗ്രസ്സിന് സഹായകമായേക്കാവുന്നതാണ്. സ്ഥാനമാനങ്ങള്‍ മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ തട്ടിക്കൊണ്ടുപോവുന്നു എന്ന മട്ടിലുള്ള വിമര്‍ശനങ്ങള്‍ വര്‍ഗീയവിഭജനത്തിലൂടെ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ മാത്രമേ സഹായിക്കൂ എന്ന് കോണ്‍ഗ്രസ്സിലെ വിമര്‍ശകരും ഓര്‍ക്കുന്നതു നല്ലതാണ്.
Next Story

RELATED STORIES

Share it