നിശാ ക്ലബ്ബിലെ തീപ്പിടിത്തം; റുമാനിയന്‍ പ്രധാനമന്ത്രി രാജിവച്ചു

ബുക്കാറസ്റ്റ്: റുമാനിയന്‍ പ്രധാനമന്ത്രി വിക്ടര്‍ പോന്ത രാജിവച്ചു. തലസ്ഥാനത്തെ നിശാക്ലബ്ബില്‍ 32 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിനു പിന്നാലെ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് 20,000ഓളം പേര്‍ തെരുവിലിറങ്ങിയതോടെയാണ് രാജി.
400ഓളം പേര്‍ നിശാക്ലബ്ബില്‍ ഒരുമിച്ച സമയത്താണു തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ 100ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും രാജ്യത്തെ സുരക്ഷാ പരിശോധന അപര്യാപ്തമാണെന്നും ആരോപിച്ചാണു പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. തട്ടിപ്പ്, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ സപ്തംബറില്‍ വിചാരണ നടപടികള്‍ ആരംഭിച്ചതോടെ പ്രധാനമന്ത്രി പദത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യ പ്രധാനമന്ത്രിയായി പോന്ത മാറിയിരുന്നു.
താനും തന്റെ സര്‍ക്കാരും പടിയിറങ്ങുകയാണെന്നു പ്രഖ്യാപിച്ച പോന്ത തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് രാജികൊണ്ടു തൃപ്തിയാവുമെന്നു പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
Next Story

RELATED STORIES

Share it