malappuram local

നിലമ്പൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്‌സനെതിരേ ലീഗ്‌

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഇടയുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ യുഡിഎഫില്‍ കൂടിയാലോചന നടത്താതെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് ലീഗിന്റെ മുഖ്യ ആരോപണങ്ങളിലൊന്ന്. ഈ ആരോപണവുമായി മുസ്്‌ലിംലീഗ് അംഗവും നഗരസഭ വൈസ് ചെയര്‍മാനുമായ പി വി ഹംസ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവരികയും ചെയ്തു. പാര്‍ട്ടിയുടെ പിന്തുണയും ലീഗ് നഗരസഭ കൗണ്‍സിലര്‍മാര്‍ക്കുണ്ട്. അടിയന്തരമായി യുഡിഎഫ് യോഗം വിളിക്കണമെന്ന് ലീഗ് കോണ്‍ഗ്രസിനോടാവശ്യപ്പെട്ടിട്ടുണ്ട്. മെയ് 11ന് ചേര്‍ന്ന നഗരസഭ ബോര്‍ഡ് യോഗം മുസ്്‌ലിംലീഗ് ബഹിഷ്‌കരിച്ചിരുന്നു. ബോര്‍ഡ് യോഗം തങ്ങളെ മുന്‍കൂടി അറിയിച്ചില്ലെന്നും ചെയര്‍പേഴ്‌സണ്‍ തനിഷ്ടപ്രകാരമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ആരോപിച്ചായിരുന്നു മുഴുവന്‍ ലീഗ് അംഗങ്ങളുടെയും ബോര്‍ഡ് ബഹിഷ്‌കരണം.
വെള്ളിയാഴ്ച ചേര്‍ന്ന ആരോഗ്യ ജാഗ്രത യോഗത്തിലും ഭരണസമിതിക്കെതിരേ രൂക്ഷവിമര്‍ശനമാണ് മുസ്്‌ലിംലീഗ് വൈസ് ചെയര്‍മാന്‍ ഉന്നയിച്ചത്. പ്ലാസ്റ്റിക്മുക്ത നഗരസഭയില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാത്ത ഒരു വ്യാപാരസ്ഥാപനമുണ്ടോയെന്നായിരുന്നു വൈസ് ചെയര്‍മാന്റെ ചോദ്യം. ആര്‍ജവമില്ലാത്ത ഭരണ കര്‍ത്താക്കളില്ലാത്തതാണ് നഗരസഭയില്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതിനു കാരണമെന്നും വൈസ് ചെയര്‍മാന്‍ തുറന്നടിച്ചു. പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന ചെയര്‍പേഴ്‌സണെതിരേയുള്ള മുസ്്‌ലിംലീഗിന്റെ ഒളിയമ്പ് കൂടിയാണിത്. എന്നാല്‍, വൈസ് ചെയര്‍മാന്റെ ഈ ആരോപണങ്ങള്‍ക്ക് ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് മറുപടിയൊന്നും നല്‍കിയില്ല. അതേസമയം, 11ന് നടന്ന ബോര്‍ഡ് യോഗം മുസ്്‌ലിംലീഗ് ബഹിഷ്‌കരിച്ചതില്‍ ചെയര്‍പേഴ്‌സണ്‍ അസംതൃപ്തി അറിയിച്ചിരുന്നു. ബഹിഷ്‌കരണം ലീഗ് മുന്‍കൂടി അറിയിച്ചിരുന്നില്ലെന്നും ചെയര്‍പേഴ്‌സണ്‍ കുറ്റപ്പെടുത്തി.
കുറച്ചുനാളായി ചെയര്‍പേഴ്‌സണെതിരേ മുസ്്‌ലിംലീഗില്‍ അമര്‍ഷം പുകയുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് ആര്യാടന്‍ മുഹമ്മദ്, പി വി അബ്ദുള്‍ വഹാബ് എംപി എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് അനുരഞ്ജനം ഉണ്ടാക്കിയിരുന്നെങ്കിലും വീണ്ടും അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
Next Story

RELATED STORIES

Share it