നിലപാട് കടുപ്പിച്ച് ഘടകകക്ഷികള്‍; യുഡിഎഫിന് തലവേദന മാറാതെ സീറ്റ് നിര്‍ണയവും

തിരുവനന്തപുരം: ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയത് യുഡിഎഫ് ക്യാംപിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഘടകകക്ഷികളുമായി സീറ്റ് ധാരണ ആവാത്തതിനാല്‍ കോണ്‍ഗ്രസ്സിന്റെ ചില സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കേന്ദ്ര സ്‌ക്രീനിങ് കമ്മിറ്റിക്ക് തടസ്സം നേരിടുകയാണ്.
ഇതേത്തുടര്‍ന്ന് ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഫോണിലൂടെ ഇന്നലെ പകലും രാത്രിയും ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി. ഘടകകക്ഷികളുമായി സമവായത്തിലെത്തിയശേഷം ഇന്നു രാവിലെ 9.30ന് നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റിക്കും തുടര്‍ന്നുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്കും ശേഷം തര്‍ക്കമുള്ള സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചത്.
മുസ്‌ലിംലീഗും കേരളാ കോണ്‍ഗ്രസ് എമ്മും ജെഡിയുവും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമാണ് ഇടഞ്ഞുനില്‍ക്കുന്നത്.
ആറ്റിങ്ങല്‍, അരൂര്‍ സീറ്റുകള്‍ കൂടി നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ച പശ്ചാത്തലത്തില്‍ ആര്‍എസ്പി മുന്‍ നിലപാട് മയപ്പെടുത്തിയേക്കും. അരൂരില്‍ നടന്‍ സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ ആലപ്പുഴ ഡിസിസി എതിര്‍പ്പുമായി രംഗത്തുവന്നതോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റിവയ്ക്കുകയായിരുന്നു.
അതിനിടയിലാണ് ആറു സീറ്റ് വേണമെന്ന ആവശ്യവുമായി ആര്‍എസ്പി നിലപാട് കടുപ്പിച്ചത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അഞ്ചു സീറ്റ് മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കി. ആര്‍എസ്പിയുടെ സിറ്റിങ് സീറ്റുകളായ ചവറയില്‍ ഷിബു ബേബിജോണും ഇരവിപുരത്ത് എ എ അസീസും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും മല്‍സരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.
അതേസമയം, ഇരവിപുരത്തിനു പകരം തെക്കന്‍ ജില്ലകളില്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ വേണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. ചടയമംഗലം നല്‍കാമെന്ന കോണ്‍ഗ്രസ്സിന്റെ നിര്‍ദേശം ഒട്ടും സ്വീകാര്യമല്ലെന്ന് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളിയോ കായംകുളമോ വേണമെന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്.
അമ്പലപ്പുഴ സീറ്റ് ജെഡിയുവിന് നല്‍കാമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ധാരണ. എന്നാല്‍, ഷാനിമോള്‍ ഉസ്മാനെ അമ്പലപ്പുഴയില്‍ മല്‍സരിപ്പിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതോടെ സംസ്ഥാനനേതൃത്വം വെട്ടിലായിരിക്കുകയാണ്. നേമം കോണ്‍ഗ്രസ് എടുക്കുന്നുവെങ്കില്‍ പകരം കോവളം കിട്ടിയേ തീരൂവെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ജെഡിയു. ഒരു സീറ്റെങ്കിലും അധികം വേണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
Next Story

RELATED STORIES

Share it