malappuram local

നിലംപൊത്താറായ കൂരയ്ക്കുകീഴില്‍ കനിവുകാത്ത് പാത്തുമ്മ

കാളികാവ്: വിധിയോട് പൊരുതി നിസ്സഹായവസ്ഥയില്‍ കഴിയുന്ന പാത്തുമ്മയുടേയും രോഗം തളര്‍ത്തിയ രണ്ടു മക്കളുടേയും   ചോര്‍ന്നൊലിക്കാത്ത വീടിനായുള്ള കാത്തിരിപ്പ് നീളുന്നു. വെള്ളയൂര്‍ കാവുങ്ങലിലെ നമ്പ്യാര്‍തൊടിക പാത്തുമ്മയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന രണ്ട് മക്കളുമാണ് സുരക്ഷിതമല്ലാത്ത വീട്ടില്‍ ദുരിതം സഹിച്ച് കഴിയുന്നത്. 12 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഇസ്മായില്‍ എന്ന ചെറീത് മരണപ്പെട്ടതോടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ മക്കളെ തനിച്ചാക്കി  കൂലിവേല ചെയ്താണ് പാത്തുമ്മ കുടുംബം പുലര്‍ത്തിയിരുന്നത്.
പ്രായാധിക്യം കാരണം പാത്തുമ്മയ്ക്ക് ഇപ്പോള്‍ ജോലിക്കുപോവാന്‍ കഴിയുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്ന എക ആണ്‍തരിയും ശരീരം തളര്‍ന്ന് കിടപ്പിലായ ഒരു പെണ്‍കുട്ടിയും കൊണ്ടാണ് പാത്തുമ്മ ദുരിത കടല്‍ നീന്തുന്നത്. ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ജീവിതനൗക ഒറ്റയ്ക്ക് തുഴയുന്നതിനിടെ, നാളിതുവരേ അന്തിയുറങ്ങിയിരുന്ന  കൂര തകര്‍ന്നു വീഴാനായത് ഈ ഗൃഹനാഥയെ വല്ലാതെ പ്രയാസത്തിലാക്കുന്നു. വീടിന്റെ മേല്‍ക്കൂര പലയിടത്തും തകര്‍ന്നു കഴിഞ്ഞു. മഴ പെയ്താല്‍ വെള്ളം അകത്തേക്ക് ഇറങ്ങാതിരിക്കാന്‍ മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്. സുരക്ഷിതമായ ഒരു വീടിന് ആഗ്രഹമുണ്ടെങ്കിലും കുടുംബത്തിന് അതിന് സാധിക്കുന്നില്ല. കുട്ടികളുടെ ചികില്‍സാചെലവും ഭാരിച്ചതാണ്. വീട് പണിയാന്‍ അധികൃതരുടെ കാരുണ്യത്തിനായി പാത്തുമ്മ മുട്ടാത്ത വാതിലുകളില്ല. സുമനസ്സുകള്‍ സഹായിച്ച് അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അടുത്ത കാലവര്‍ഷം പാത്തുമ്മയും മക്കളും ഏറെ ദുരിതം അനുഭവിക്കും.
Next Story

RELATED STORIES

Share it