malappuram local

നിര്‍മാണ രംഗത്ത് ചുവടുറപ്പിക്കാന്‍ കഴിയാതെ കുടുംബശ്രീ യൂനിറ്റുകള്‍

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: വനിതാ ശാക്തീകരണ രംഗത്ത് കരുത്തുറ്റ മുന്നേറ്റമായി നിര്‍മാണ രംഗത്തേക്ക് കടന്നുവന്ന കുടുംബശ്രീ യൂനിറ്റുകള്‍ക്ക് മേഖലയില്‍ ചുവടുറപ്പിക്കാനാവുന്നില്ല. ആദ്യഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 13 സംഘങ്ങള്‍ കെട്ടിട നിര്‍മാണമടക്കമുള്ള പ്രവൃത്തികളേറ്റെടുക്കാന്‍ സജ്ജരായി ജില്ലയിലുണ്ട്. എന്നാലിവര്‍ക്ക് പ്രവൃത്തികളുടെ ലഭ്യത കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭവന പദ്ധതിയായ ലൈഫില്‍ വനിതാ നിര്‍മാണ തൊഴിലാളി സംഘങ്ങളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ജില്ലാ കുടുംബശ്രീ മിഷന്‍. വണ്ടൂര്‍, കാളികാവ് ബ്ലോക്കുകള്‍ക്കു കീഴിലെ 113 പേര്‍ക്കാണ് 90 ദിവസത്തെ വിദഗ്ധ പരിശീലനം കുടുംബശ്രീ നല്‍കിയിരുന്നത്.
നിര്‍മാണ പ്രവൃത്തികളുടെ ഓരോ ഘട്ടത്തിലും വനിതകള്‍ക്കു പ്രാവീണ്യം നല്‍കുന്ന വിധത്തിലുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരെ 13 സംഘങ്ങളാക്കി പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്താന്‍ പാകത്തില്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രവൃത്തികളൊന്നും ഇവര്‍ക്കു ലഭിച്ചിട്ടില്ല. സിമന്റു കട്ട നിര്‍മാണം മുതല്‍ കോണ്‍ക്രീറ്റു വരെയുള്ള ജോലികളില്‍ വൈദഗ്ധ്യമുള്ളവരാണ് ഈ സംഘങ്ങളിലുള്ളത്. നിര്‍മാണ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ അതിപ്രസരം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ മാത്രമെ പ്രാഗല്‍ഭ്യമുള്ള രംഗങ്ങളില്‍ ഉയര്‍ന്നു വരാനാവൂ എന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. ഈ സ്ഥിതിക്ക് പരാഹാരമെന്നോണം സര്‍ക്കാറിന്റെ ഭവന നിര്‍മാണ പദ്ധതിയായ ലൈഫില്‍ വിശ്വാസമര്‍പിച്ചിരിക്കുകയാണ് കുംബശ്രീ ജില്ലാ മിഷന്‍. ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം ആരംഭിക്കുമ്പോള്‍ കുടുംബശ്രീയുടെ നിര്‍മാണ യൂനിറ്റുകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കോ-ഓഡിനേറ്റര്‍ സി കെ ഹേമലത പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രവര്‍ത്തനമാണിപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. വീടു നിര്‍മാണം ആരംഭിക്കുന്നതോടെ ഇപ്പോഴത്തെ തൊഴില്‍ വറുതിയില്‍ നിന്നു നിര്‍മാണ രംഗത്ത് പ്രാവീണ്യമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മോചനമാവുമെന്നാണ് പ്രതീക്ഷ. പത്തു ലക്ഷം രൂപയ്ക്കു താഴെയുള്ള നിര്‍മാണ പ്രവൃത്തികളുടെ കരാര്‍ കുടുംബശ്രീ സംഘങ്ങള്‍ക്ക് നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവും സാങ്കേതികത്വത്തിന്റെ പേരില്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പായിട്ടില്ല.
ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകള്‍ക്കു കീഴിലും 30 അംഗങ്ങളുള്ള കുടുംബശ്രീയുടെ വനിതാ നിര്‍മാണ സംഘങ്ങള്‍ രൂപീകരിക്കുകയാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും ആദ്യം പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലുറപ്പാക്കിയ ശേഷമായിരിക്കും ഇനിയുള്ളവര്‍ക്ക് പരിശീലനം നല്‍കുക.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നിര്‍മാണ രംഗത്തെ പരിശീലനത്തിനായുള്ള ആവശ്യം ജില്ലാ കാര്യാലയത്തിലെത്തുന്നുണ്ട്. പദ്ധതി പൂര്‍ണതയിലെത്തുന്നതോടെ നിര്‍മാണ രംഗത്ത് സഹായികളുടെ വേഷത്തില്‍ നിന്നു മാറാന്‍ സ്ത്രീ ശക്തിക്കാവും.
Next Story

RELATED STORIES

Share it