palakkad local

നിര്‍മാണപ്രവൃത്തികള്‍ക്കുവേണ്ടി വഴി കൊട്ടിയടച്ചു; പ്രതിഷേധം ശക്തമാവുന്നു

പാലക്കാട്: നഗരത്തിലെ പ്രധാന കവലയായ സുല്‍ത്താന്‍പേട്ട ജങ്ഷനില്‍ വാഹനഗതാഗതം തടഞ്ഞുകൊണ്ടുള്ള നഗരസഭയുടെ നിര്‍മാണ പ്രവൃത്തി ദുരിതപര്‍വമാകുന്നു. പഴയ കനറാ ബാങ്ക് കെട്ടിടം പൊളിച്ച സ്ഥലത്ത് പുതിയ വ്യാപാര സമുച്ചയം പണിയുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ ഈ പ്രദേശം നഗരസഭാധികൃതര്‍ കൊട്ടിയടച്ചിരിക്കുന്നത്. കെട്ടിടം നില്‍ക്കുന്നിടം മാത്രമല്ല ഇതിനു സമീപത്തെ പബ്ലിക് ലൈബ്രറി റോഡിലേക്കുപോലും അടച്ചിരിക്കുകയാണ്. നഗരസഭാ കോംപ്ലക്‌സിലെ കടക്കാരോട് ഒഴിയാന്‍ 3 മാസത്തെ സമയം നല്‍കിയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായ വഴി കൊട്ടിയടക്കല്‍ വ്യാപാരികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
8 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര കോംപ്ലക്‌സ് 2020 ല്‍ പൂര്‍ത്തിയാക്കുമെന്നാണ് നഗരസഭാധികൃതരുടെ വാദം. പിഡിസി ബാങ്കിനു മുന്നില്‍ നിന്നും വെള്ളാന്‍ തെരുവ് റോഡിലേക്കുള്ള വഴിയില്‍ ഇപ്പോള്‍ അനധികൃത പാര്‍ക്കിങ്ങും വര്‍ധിച്ചിരിക്കുകയാണ്. നഗരസഭയുടെ കോംപ്ലകിസിനു പുറമെ മറ്റു ചില വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചതോടെ നിരവധി വ്യാപാരികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വാഹനങ്ങള്‍ക്ക് വരാന്‍ ബുദ്ധിമുട്ടായതോടെ ആള്‍തിരക്ക് കുറഞ്ഞത് കാരണം വ്യാപാരം കുറഞ്ഞതായി സ്റ്റേഷനറി വ്യാപാരം നടത്തുന്ന ഹരിദാസ് പറയുന്നു. ഇവിടം മുഴുവന്‍ അടച്ചതോടെ സ്റ്റേഡിയത്തുനിന്നും വെള്ളാന്‍ തെരുവിലൂടെയുള്ള ചെറു വാഹനങ്ങളുടെ കടന്നുകയറ്റം വര്‍ധിച്ചതും പ്രതിസന്ധിയുണ്ടാക്കുന്നു.
പുതിയ കെട്ടിടം പണി പൂര്‍ത്തിയാവുന്നതോടെ പഴയ കെട്ടിടം പൊളിച്ച് ആ ഭാഗം വഴിയാക്കണമെന്നാണ് അധികൃതരുടെ വിശദീകരണം. പതിറ്റാണ്ടുകളായി നഗരസഭാ കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമില്ലാത്ത സ്ഥിതിയിലായിരുന്നു.
Next Story

RELATED STORIES

Share it