kannur local

നിരോധനം ലംഘിച്ച് നിര്‍മാണം; ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കണമെന്ന് കോടതി

കൂത്തുപറമ്പ്: പഞ്ചായത്ത് നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവ്. കിണവക്കല്‍ ടൗണില്‍ കോട്ടയം പഞ്ചായത്ത് ഭരണസമിതി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കാനാണ് കൂത്തുപറമ്പ് മുന്‍സിഫ് കോടതി ഉത്തരവിട്ടത്. കൂത്തുപറമ്പ്-കണ്ണൂര്‍ റോഡില്‍ ഓവുചാല്‍ നിര്‍മിക്കേണ്ട സ്ഥലത്താണ് അനുമതിയില്ലാതെ ബസ് കാത്തിരിപ്പുകേന്ദ്രം പണിതത്. തൊട്ടടുത്ത് സിഎച്ച് സെന്റര്‍ മന്ദിരത്തിന്റെ ഒരു ഭാഗത്ത് സൗകര്യപ്രദമായ ബസ് കാത്തിരിപ്പുകേന്ദ്രം നിലനില്‍ക്കെയാണ് റോഡില്‍ മറ്റൊരു ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കാന്‍ നടപടി തുടങ്ങിയത്. ഇതിനെതിരേ പ്രദേശവാസികള്‍ക്ക് വേണ്ടി കൊടിയന്‍ വീട്ടില്‍ ഷഹീര്‍, പുതിയവീട്ടില്‍ നവാസ് എന്നിവര്‍ മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. കേസ് വിചരാണയ്ക്കിടെ പഞ്ചായത്തിനോട് തറകെട്ടിയ സ്ഥലത്ത് ഹരജി തീര്‍പ്പാക്കുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് മുന്‍സിഫ് കോടതി നിര്‍ദേശിച്ചിരുന്നു. അഭിഭാഷക കമ്മീഷനും തറ നിര്‍മിച്ച കാര്യം കോടതിയെ ബോധിപ്പിച്ചു. രണ്ട് അവധി ദിനങ്ങള്‍ വന്നപ്പോള്‍ കോടതി നിര്‍ദേശം ലംഘിച്ച് അര്‍ധരാത്രി നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. കേസ് വിചാരണയ്ക്കു വന്നപ്പോള്‍ കോടതി നിര്‍ദേശം മാനിക്കാതെയും ആവശ്യമായ അനുമതി ഇല്ലാതെയും നടത്തിയ നിര്‍മാണം പൊളിച്ചുമാറ്റാന്‍ മുന്‍സിഫ് വി വിനോദ് ഉത്തരവിടുകയായിരുന്നു. ഉത്തരവിനെതിരേ പഞ്ചായത്ത് ഭരണസമിതി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it