നിയമ കമ്മീഷന്റെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ബിജെപി

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് ദേശീയ നിയമ കമ്മീഷന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അയച്ച ചോദ്യാവലിയോട് കേന്ദ്രഭരണം കൈയാളുന്ന ബിജെപി ഇതുവരെ പ്രതികരിച്ചില്ലെന്നു റിപോര്‍ട്ട്.  2016 ഒക്ടോബറിലാണ് ഏക സിവില്‍കോഡ് വിഷയത്തില്‍ 16 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി നിയമ കമ്മീഷന്‍ പുറത്തുവിട്ടത്. രാജ്യത്തെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും ചോദ്യാവലിയോട് അനുകൂലമായോ, പ്രതികൂലമായോ പ്രതികരിച്ചെങ്കിലും രണ്ടര വര്‍ഷം പിന്നിട്ടിട്ടും ബിജെപി നിലപാട് വ്യക്തമാക്കിയിട്ടില്ല.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പുറമെ മതസംഘടനകള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, വനിതാ സംഘടനകള്‍, പൗരാവകാശ സംഘടനകള്‍ എന്നിവയുടെ അഭിപ്രായങ്ങളും കമ്മീഷന്‍ തേടിയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ മറുപടി അറിയിക്കാനായിരുന്നു നിര്‍ദേശം. ചോദ്യാവലിയോട് പ്രതികരിക്കേണ്ട സമയം അവസാനിച്ചിരിക്കെ ലഭ്യമായ മറുപടികള്‍ പരിശോധിച്ചു വരികയാണ് കമ്മീഷന്‍. ഈ സാഹചര്യത്തിലും ബിജെപി പ്രതികരിക്കുകയാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നു കമ്മീഷന്‍ വക്താവ് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ്, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി പോലുള്ള പാര്‍ട്ടികള്‍ ചോദ്യാവലിയോടു പ്രതികരിച്ചിട്ടുണ്ടെങ്കിലും ഏക സിവില്‍കോഡ് വേണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണു നിയമ കമ്മീഷന്‍ ഈ നീക്കത്തിലൂടെ നടത്തുന്നതെന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ചോദ്യാവലിയോടു പ്രതികരിച്ചിരുന്നുവെങ്കിലും അത് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഇടതു കക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. ചോദ്യാവലി ബഹിഷ്‌കരിക്കാന്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ആഹ്വാനമുണ്ടായിരുന്നതിനാല്‍ മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷ സംഘടനകള്‍ കമ്മിഷന്റെ നീക്കത്തോടു സഹകരിച്ചിരുന്നില്ല.
45,000 മറുപടികളാണു നിയമ കമ്മീഷന്റെ ചോദ്യാവലിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. ഏക സിവില്‍ കോഡ് സംബന്ധിച്ച് ഏകീകൃതമായ ശുപാര്‍ശ നല്‍കാനാവില്ലെന്നു നിയമ കമ്മീഷന്‍ വൃത്തങ്ങള്‍ തന്നെ നേരത്തെ പ്രതികരിച്ചിരുന്നു.
Next Story

RELATED STORIES

Share it