Kottayam Local

നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ നല്‍കുമ്പോള്‍ മുന്‍കൂര്‍ അനുമതി വാങ്ങണം

കോട്ടയം: സ്ഥാനാര്‍ഥിക്കോ രാഷ്ട്രീയ കക്ഷിക്കോ വേണ്ടി പ്രാദേശികമായി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കു മുന്‍കൂര്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോനിറ്ററിങ് കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന തിരഞ്ഞെടപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
മുന്‍കൂര്‍ അനുവാദം വാങ്ങാതെ പരസ്യം നല്‍കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. ഇതിനുള്ള അപേക്ഷ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ക്ക് എംസിഎംസി മുഖേന നല്‍കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം പരസ്യത്തിന്റെ ഉള്ളടക്കവും ഉണ്ടാവണം. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളുടെ ഉള്ളടക്കത്തിന്റെ രണ്ട് കോപ്പി സിഡി, ഡിവിഡിയായോ ആണ് നല്‍കേണ്ടത്. പരസ്യത്തിന്റെ നിര്‍മാണ ചെലവ്, പരസ്യ നിരക്ക് തുടങ്ങിയവയും അപേക്ഷയിലുണ്ടാവണം. ഈ രീതിയില്‍ നല്‍കുന്ന അപേക്ഷ ലഭിച്ചാല്‍ എംസിഎംസി യോഗം ചേര്‍ന്ന് പരിശോധിച്ച് രണ്ട് ദിവസത്തിനകം തീര്‍പ്പാക്കാനാണ് നിര്‍ദേശം.
പരസ്യം സംബന്ധിച്ച വിവരം ബന്ധപ്പെട്ട വരണാധികാരിയെയും ചെലവ് നിരീക്ഷകനെയും അറിയിക്കും. സ്ഥാനാര്‍ഥികളുടെ പ്രചരണ ചെലവില്‍ തുക ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണിത്.
പ്രീ സര്‍ട്ടിഫിക്കേഷനു വിധേയമാവാതെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളും മൊബൈല്‍ ഫോണില്‍ എസ്എംഎസുകളും നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഓരോ സ്ഥാനാര്‍ഥിയും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ പറ്റിയുള്ള വിവരങ്ങളും നല്‍കണം.
പരസ്യങ്ങള്‍ കൂടാതെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള പണം നല്‍കിയ വാര്‍ത്തകള്‍ കണ്ടെത്താനും സംവിധാനമുണ്ട്. ഇത്തരം വാര്‍ത്തകള്‍ കണ്ടെത്തിയാല്‍ അംഗീകൃത പരസ്യ നിരക്ക് അനുസരിച്ച് തുക കണക്കാക്കി സ്ഥാനാര്‍ഥിയുടെ പ്രചരണ ചെലവില്‍ ഉള്‍പ്പെടുത്തും.
മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണം സംബന്ധിച്ച പരാതികളും സമിതി പരിശോധിക്കും. ഇതിനായി കലക്ടറേറ്റില്‍ പ്രത്യേക മാധ്യമ നിരീക്ഷ സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it