Kottayam Local

നിയമസഭാ തിരഞ്ഞെടുപ്പ്: ചങ്ങനാശ്ശേരിയില്‍ അവസാനഘട്ട പ്രചാരണത്തില്‍ സ്ഥാനാര്‍ഥികള്‍

ചങ്ങനാശ്ശേരി: നിയമസഭ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ അവശേഷിക്കെ അവസാനഘട്ട പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍. ആവനാഴിയിലെ അവസാനത്തെ ആയുധവുമെടുത്ത് വോട്ടുകള്‍ സ്വന്തമാക്കാനുള്ള തിടുക്കത്തിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും.
ഇതിന്റെ ഭാഗമായി രാത്രിവളരെ വൈകിയും ഇരുമുന്നണികളും പ്രചാരണ രംഗത്തുണ്ട്. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി അല്‍ത്താഫ് ഹസ്സന്‍ പ്രചാരണം ശക്തമാക്കി മുന്നിലെത്തിയത് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്. കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാര്‍ഥി സി എഫ് തോമസ് 2552 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡോ. ബി ഇക്ബാലിനെ പരാജയപ്പെടുത്തിയതെങ്കില്‍ ഇത്തവണ എന്തായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത അവസ്ഥയാണ്.
വിജയ പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ സി ജോസഫ്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ അല്‍ത്താഫ് ഹസ്സന്‍ പിടിക്കാന്‍ സാധ്യതയുള്ളതായും ഇരുമുന്നണികളും കണക്കുകൂട്ടുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ശക്തമായ പ്രചാരണം നടത്തിയിരുന്ന മുന്നണികള്‍ ഇനിയുള്ള ഏതാനും മണിക്കൂറുകള്‍ നിശബ്ദമായ പ്രചരണത്തിനാവും മുന്‍തൂക്കം നല്‍കുക.
അതിന്റെ ഭാഗമായി എല്ലാ അടവുകളും പ്രയോഗിക്കുകയും ചെയ്യും.
ചങ്ങനാശ്ശേരിയില്‍ മല്‍സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളും ഏറെ സജീവമായി മല്‍സര രംഗത്തുണ്ട്. അവര്‍ പിടിക്കുന്നത് ആരുടെ വോട്ടായിരിക്കുമെന്നും പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.
Next Story

RELATED STORIES

Share it