Flash News

നിയമസഭാ തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി വരുന്നു



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നു. കര്‍ണാടകയുള്‍പ്പെടെ തിരഞ്ഞെടുപ്പു നടക്കാനുള്ള സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള നേതാക്കളെ ദേശീയ ചുമതലകളില്‍നിന്ന് ഒഴിവാക്കി സംസ്ഥാനങ്ങളില്‍ സജീവമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള വലിയ സംസ്ഥാനമായ കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമമങ്ങളാണ് പാര്‍ട്ടി നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള മുന്‍ മുഖ്യമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഖെയെ കര്‍ണാടകയിലെ പ്രചാരണ രംഗത്ത് സജീവമാക്കാനാണ് നീക്കം. നിലവില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കര്‍ണാടകയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള നിര്‍ദേശം ഖാര്‍ഖെയ്ക്ക്, രാഹുല്‍ നല്‍കിയതായാണ് റിപോര്‍ട്ട്. നിലവിലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിദ്ധരാമയ്യ തന്നെയാവും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനമാവും ഖാര്‍ഖെയ്ക്ക് നല്‍കുക. കോണ്‍ഗ്രസ്സിലെ പ്രധാന ദലിത് മുഖമായ ഖാര്‍ഖെയ്ക്ക് ആ നിലയ്ക്കുള്ള പ്രതിച്ഛായയും തിരഞ്ഞെടുപ്പില്‍ അനുകൂലമാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലാണ് പാര്‍ട്ടിക്ക്.   കോണ്‍ഗ്രസ്സിന് സ്വാധീനമുള്ളതും ബിജെപി തുടര്‍ച്ചയായി ഭരണം നടത്തുന്നതുമായ മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ക്കും കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നുണ്ട്. മധ്യപ്രദേശുകാരനായ മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥിനെ മാറ്റി യുവ നേതാക്കളെ പരീക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കമല്‍നാഥ് ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന തരത്തില്‍ ഈയിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമായി കമല്‍നാഥ് തന്നെ മുന്‍കൈ എടുത്ത് പ്രചരിപ്പിച്ചതാണെന്ന ധാരണ പാര്‍ട്ടിക്കകത്തുണ്ട്. ഈ സാഹചര്യത്തില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ്സിന്റെ യുവനേതാവായ ജോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിശ്ചയിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ദലിത്, പട്ടേല്‍ വോട്ട് ബാങ്കുകള്‍ ബിജെപിക്ക് നഷ്ടമായ ഗുജറാത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. സംഘടനാ സംവിധാനം ശക്തമാക്കുന്ന നടപടികളാണ് ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്നത്. എഐസിസി അഴിച്ചുപണിയില്‍ ഗുജറാത്തില്‍നിന്നുള്ള നേതാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it