നിയമസഭയുടെ വജ്രജൂബിലി ആഘോഷം ജൂലൈ രണ്ടാം വാരം

ന്യൂഡല്‍ഹി: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനാധിപത്യത്തിന്റെ ഉല്‍സവം എന്ന പേരില്‍ ആഘോഷ പരിപാടി സംഘടിപ്പിക്കും. നിയമസഭാ സെക്രട്ടേറിയറ്റിന്റെയും പാര്‍ലമെന്ററികാര്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജൂലൈ രണ്ടാം വാരം സംഘടിപ്പിക്കുന്ന പരിപാടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിലെ മാറ്റങ്ങള്‍, വ്യതിയാനങ്ങള്‍, സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലെ ആഴത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണു ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ ലക്ഷ്യമെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ദലിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദലിത് ലജിസ്ലേറ്റീവ് കോണ്‍ഫറന്‍സ്, നാഷനല്‍ വിമന്‍ ലജിസ്ലേറ്റീവ് കോണ്‍ഫറന്‍സ്, നാഷനല്‍ മീഡിയ കോണ്‍ക്ലേവ് ഓണ്‍ ഡെമോക്രസി എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.
കേരളത്തിനു പുറത്തുനിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഈ പരിപാടികളില്‍ പങ്കെടുപ്പിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നാഷനല്‍ സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് എന്ന പരിപാടിയും നിയമസഭകളുടെ പ്രവര്‍ത്തനവും നിയമസഭാ സമിതികളുടെ പ്രവര്‍ത്തന രീതികളും വിശദമാക്കുന്ന കോണ്‍ഫറന്‍സും പരിപാടിയുടെ മുഖ്യ ആകര്‍ഷണമാവും.
നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായാവും ഇത്തരമൊരു പരിപാടി. കേരള വികസനം സംബന്ധിച്ചു യോജിപ്പിന്റേതായ മേഖലകള്‍ ഈ സംവാദ പരിപാടിയിലൂടെ കണ്ടെത്താനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ വൈവിധ്യമായ സാധ്യതകള്‍ ആരായുന്നതാവും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയെന്നും സ്പീക്കര്‍ പറഞ്ഞു.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാവും ഈ പരിപാടികള്‍ സംഘടിപ്പിക്കുക. നവംബറില്‍ വജ്രജൂബിലി ആഘോഷം സമാപിക്കും.
ഒരു വര്‍ഷത്തെ പരിപാടികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഗവേണന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതു പരിഗണനയിലുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പരിപാടിയിലേക്കു ക്ഷണിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയെയും സ്പീക്കര്‍ കണ്ടു.
Next Story

RELATED STORIES

Share it