kozhikode local

നിയമസഭയുടെ ചരിത്രം പറഞ്ഞ് പ്രദര്‍ശനം തുടങ്ങി

കോഴിക്കോട്: ജനാധിപത്യ കേരളത്തിന്റെ പൈതൃക സ്മരണകളുമായി നിയമസഭ മ്യൂസിയം വിഭാഗം സംഘടിപ്പിക്കുന്ന ചിത്ര-ചരിത്ര പ്രദര്‍ശനത്തിന് ടൗണ്‍ഹാളില്‍ തുടക്കമായി. നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രദര്‍ശനം സി കെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചരിത്രവസ്തുതകള്‍ കേട്ട് മാത്രം പരിചയമുള്ള പുതുതലമുറയ്ക്ക് ഏറെ പ്രയോജനകരമാണ് പ്രദര്‍ശനമെന്ന് എംഎല്‍എ പറഞ്ഞു.
ഗതകാല സ്മരണകള്‍ക്ക് അപ്പുറം ഇന്നത്തെ കേരളത്തിന്റെ രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കുമുളള ആദരമായി പ്രദര്‍ശനത്തെ കാണണമെന്നും പൊതുജനങ്ങള്‍ക്കൊപ്പം ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍  ഇത്തരം കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംഎല്‍എ പുരുഷന്‍ കടലുണ്ടി ചടങ്ങില്‍  അധ്യക്ഷനായി, മുന്‍ എംഎല്‍എ ടി പി എം സാഹിര്‍, എഡിഎം ജനില്‍ കുമാര്‍, നിയമസഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അബ്ബാസ് സംസാരിച്ചു.
കേരള പിറവിക്ക് മുമ്പും ശേഷവുമുള്ള വിവിധ നിയമ നിര്‍മാണ സഭകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, ജനപ്രതിനിധികള്‍, ജനനായകര്‍ എന്നിവരെ കുറിച്ചുള്ള സമഗ്ര വിവരങ്ങളും ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്. തിരുവിതാംകൂര്‍, തിരു—കൊച്ചി തുടങ്ങിയ നിയമ നിര്‍മാണ സഭകളിലെ അധ്യക്ഷന്മാര്‍, പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍,  ഇ എം എസ് മന്ത്രിസഭ മുതല്‍ 14-ാം മന്ത്രിസഭ വരെയുള്ള മന്ത്രിമാര്‍, സ്പീക്കര്‍മാര്‍, പ്രതിപക്ഷ നേതാക്കള്‍, കേരള  ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി അപൂര്‍വ്വ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
Next Story

RELATED STORIES

Share it