Flash News

നിയമപ്രകാരമല്ലാത്ത ത്രാസുകള്‍ ഉപയോഗിച്ചവര്‍ക്ക് എതിരേ നടപടി



തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ലീഗല്‍ മെട്രോളജി ജില്ലാ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ത്രാസുകള്‍ ഉള്‍പ്പെടെ നിയമാനുസൃതം മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച 69 പേര്‍ക്കെതിരേ കേസെടുത്തു. നിയമാനുസൃതമല്ലാത്തതും ഉപേക്ഷിച്ചുപോയ നിലയില്‍ കണ്ടെത്തിയതുമായ 200ലധികം ത്രാസുകളാണ് പിടിച്ചെടുത്തത്. പച്ചക്കറി, മല്‍സ്യം, ഇറച്ചി വ്യാപാരകേന്ദ്രങ്ങളില്‍ വില, തൂക്കം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍പ്പരിശോധന. കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദേശാനുസരണം ജില്ലയിലെ ഫഌയിങ് സ്‌ക്വാഡ് അസി. കണ്‍ട്രോളര്‍ ബി ശിവന്‍കുട്ടി, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എ സി ശശികല, ഇന്‍സ്‌പെക്ടര്‍മാരായ എസ് ശ്രീകുമാര്‍, എ ഷാജഹാന്‍, അനില്‍ കുമാര്‍, എ രതീഷ്, ബി പ്രിയ, സിജു സത്യദാസ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റുമാരുള്‍പ്പെടെ 18 പേരുള്‍പ്പെടുന്ന മൂന്നു ടീമുകള്‍ പരിശോധനയില്‍ പങ്കെടുത്തു. കൊല്ലം ജില്ലയില്‍ പി ജയചന്ദ്രന്‍, സൈലാസ്, ആലപ്പുഴ ജില്ലയില്‍ ഷേഖ് ഷിബു, എം ആര്‍ ശ്രീകുമാര്‍, പത്തനംതിട്ട ജില്ലയില്‍ ഉമാശങ്കര്‍, കോട്ടയം ജില്ലയില്‍ എസ് ജനാര്‍ദ്ദനന്‍ എന്നീ അസി. കണ്‍ട്രോളര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. എല്ലാ മാര്‍ക്കറ്റുകളിലും മല്‍സ്യം, പച്ചക്കറി വില്‍പന കേന്ദ്രങ്ങള്‍ക്കെതിരേ ലഭിക്കുന്ന പരാതികളില്‍ ഉടനെ നടപടിക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിക്കരുതെന്നും എല്ലാ ഇന്‍സ്‌പെക്ടര്‍ ഓഫിസിലും ത്രാസ് ഹാജരാക്കി മുദ്ര ചെയ്തുവാങ്ങാന്‍ സൗകര്യം ഉണ്ടെന്നും അതു പ്രയോജനപ്പെടുത്തി നിയമപ്രകാരമുള്ള ത്രാസുകള്‍ വ്യാപാരത്തിന് ഉപയോഗിക്കണമെന്നും ദക്ഷിണ മേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ് ലെഡ്‌സണ്‍ രാജ് അറിയിച്ചു.
Next Story

RELATED STORIES

Share it