നിയമപരമായി നേരിടും: പ്രതിപക്ഷം

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. ഭരണകക്ഷിക്ക്് താല്‍പര്യമുള്ള കൊലക്കേസ് പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
നിയമവിരുദ്ധമായ സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയേ ആരെയും വിട്ടയക്കൂവെന്ന മുഖ്യമന്ത്രി അടിയന്ത്രപ്രമേയത്തിന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കുഞ്ഞനന്തന്റെ മോചനസാധ്യത തള്ളാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നത് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. കുഞ്ഞനന്തന്‍ തന്റെ സുഹുത്താണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സുഹൃത്തിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
തടവുകാര്‍ക്ക് അവധിയും അടിയന്തര അവധിയും നല്‍കുന്നത് സാധാരണമാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. വിയ്യൂരില്‍ 19 പേര്‍ക്ക് പരോള്‍ അനുവദിച്ചു. ടി പി കേസിലെ പ്രതികളുടെ കാര്യം കമ്മിറ്റി പരിഗണിച്ചു. ചട്ടപ്രകാരം മാത്രമേ നടപടി എടുത്തിട്ടുള്ളൂ. എല്ലാ സര്‍ക്കാരും നടത്തുന്ന കാര്യം മാത്രമേ ഈ സര്‍ക്കാരും നടത്തിയിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. 16 തവണയാണ് ഇയാള്‍ക്ക് പരോള്‍ ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം കുഞ്ഞനന്തനെ സര്‍ക്കാര്‍ ഉടന്‍ മോചിപ്പിക്കുമെന്ന  സൂചനയാണു നല്‍കുന്നതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞനന്തനെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ സന്ദേശമെത്തിയിട്ടുണ്ട്. ഇതനുസരിച്ച് കെ കെ രമയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നടപടി സംസ്ഥാനത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളി ആണെന്ന് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it