Editorial

നിയമം സ്വവര്‍ഗരതിക്കു ശേഷം

എനിക്ക് തോന്നുന്നത് - കെ പി അബൂബക്കര്‍, മുത്തനൂര്‍
പരമോന്നത നീതിപീഠത്തില്‍ നിന്ന് കഴിഞ്ഞ മാസം ഉണ്ടായ ഏതാനും വിധികളുടെ അലയൊലികള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നു തീര്‍ച്ച. സപ്തംബര്‍ 6നു സ്വവര്‍ഗരതി കുറ്റകരമല്ല എന്ന വിധി വന്നപ്പോള്‍ തുടങ്ങിയ ഒച്ചപ്പാടിന് ആക്കം കൂട്ടുന്നതായിപ്പോയി വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ല എന്ന വിധി. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാമെന്ന വിധിയും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളൂവെങ്കിലും.
പടിഞ്ഞാറോട്ട് മാത്രം കണ്ണു തിരിക്കാതെ, ദര്‍ശനങ്ങളും മതങ്ങളും മുന്നോട്ടുവെക്കുന്ന നിയമങ്ങള്‍ മുന്നില്‍ വച്ച് നിഷ്പക്ഷ നിരീക്ഷണത്തിനു നിയമനിര്‍മാണസഭയും ജുഡീഷ്യറിയും തയ്യാറാകേണ്ടിയിരിക്കുന്നു. എങ്കില്‍ സ്വവര്‍ഗരതിയും വിവാഹേതര ലൈംഗികബന്ധവും നിയമം മൂലം തടയേണ്ടതു തന്നെയാെണന്നു ബോധ്യമാകും. ഭാര്യയും ഭര്‍ത്താവും ഉഭയകക്ഷി സമ്മതത്തോടെയോ അല്ലാതെയോ വ്യഭിചരിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തിനു മാത്രമേ ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. അതോടെ സമ്പൂര്‍ണ സ്ത്രീ-പുരുഷ സമത്വവും നിലവില്‍ വരും.
നടേ പറഞ്ഞ പടിഞ്ഞാറുനോട്ടം തുടരാനാണ് ഭാവമെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നതില്‍ രണ്ട് അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. ഇന്ന് ഇവിടെ കഞ്ചാവ് തുടങ്ങി അപകടകരമായ ആസക്തിയുളവാക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ദിനേന നാം പത്രങ്ങളില്‍ വായിക്കുന്ന വാര്‍ത്തകളാണ് കഞ്ചാവ് കൈവശം വച്ചവരെയും മയക്കുമരുന്ന് കൈവശം വച്ചവരെയുമൊക്കെ പിടികൂടിയ സംഭവങ്ങള്‍.
സ്വകാര്യതയുടെ പേരും പറഞ്ഞ് കഴിഞ്ഞ മാസം (അതും സപ്തംബറിലായത് യാദൃച്ഛികമാകാം) ദക്ഷിണാഫ്രിക്കയില്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ സ്വകാര്യമായി ഉപയോഗിക്കാനും കൈവശം വയ്ക്കാനും ക്രയവിക്രയം ചെയ്യാനും, എന്തിനധികം, അവ കൃഷി ചെയ്യാന്‍ വരെ അനുവാദം നല്‍കിക്കൊണ്ട് അവിടത്തെ ഭരണഘടന ഭേദഗതി ചെയ്തിരിക്കുന്നു! പീഡനക്കേസുകള്‍ ഇവിടത്തെ പത്രത്താളുകളില്‍ നിന്ന് ഒഴിവായതുപോലെ നാളെ മുതല്‍ മയക്കുമരുന്ന് പിടിച്ചുവെന്ന വാര്‍ത്തകളും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ നിന്ന് ഒഴിവാകുമോ ആവോ!
ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഭാര്യ അന്യപുരുഷനുമായി ബന്ധപ്പെടുന്നതാണ് ക്രിമിനല്‍ കുറ്റമാകുന്നത് എന്നു വരുമ്പോള്‍ ഇവിടെ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്. പണം, ഉദ്യോഗക്കയറ്റം, സ്വാധീനിക്കല്‍ തുടങ്ങി ഏത് ആവശ്യത്തിനും ഭര്‍ത്താവിനു ഭാര്യയെ കാഴ്ചവയ്ക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഈ നിയമം അനുസരിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷന്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്ന ന്യൂനത വേറെയുമുണ്ട്.
സമൂഹം മൊത്തം നന്നാവണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അതിനു പരസ്പര വിശ്വാസവും അച്ചടക്കവുമുള്ള കുടുംബങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. വിവാഹേതര ബന്ധങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞാല്‍ സമൂഹത്തോട് അശേഷം പോലും ബാധ്യതയില്ലാത്ത പിതൃശൂന്യരായ ഒരു തലമുറയാകും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. ആധാര്‍-ഐഡന്റിറ്റി കാര്‍ഡുകള്‍ കൊണ്ടൊന്നും പിതാവ് ആരാണെന്ന് അറിയാനാവില്ല. വിലയേറിയ ഡിഎന്‍എ ടെസ്റ്റുകള്‍ തന്നെ അതിനു വേണ്ടിവരും. മാത്രമല്ല, കുടുംബത്തിനകത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ഈ ജാരസന്തതികള്‍ കാരണമാകും. ലൈംഗിക അരാജകത്വത്തിന്റെ മറ്റൊരു സന്തതിയാണ് എയ്ഡ്‌സ് അടക്കമുള്ള മഹാമാരികള്‍ എന്ന കാര്യം വിസ്മരിക്കരുത്. വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗരതി എന്നിവ എന്തു പേരു പറഞ്ഞ് അനുവദനീയമാക്കിയാലും സമൂഹത്തിന് അതു ചെറുക്കാനാകുമെന്നത് ഒരു സത്യമാണ്.



Next Story

RELATED STORIES

Share it