ernakulam local

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട് തകര്‍ന്നു

പെരുമ്പാവൂര്‍: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വീട് ഇടിച്ച് തകര്‍ത്തു. എംസി റോഡ് ചേലാമറ്റം കാരിക്കോട് ജങ്ഷന് സമീപം ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. ബാഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സാണ് അപകടത്തില്‍പെട്ടത്.
അമിത വേഗതയില്‍ വളവ് തിരിഞ്ഞുവന്ന ബസ് നിയന്ത്രണം വിട്ട് മതില്‍, തെങ്ങ്, വീട് എന്നിവ തകര്‍ത്ത ശേഷം സമീപത്തുള്ള ഷെഡ്ഡും ഇടിച്ച് തകര്‍ത്താണ് നിന്നത്. കാരിക്കാട് കിഴക്കുംതല ഷിജോയുടെ വീടിന്റെ ഒരു ഭാഗം മുഴുവനായി തകര്‍ന്നു.
അപകടസമയത്ത് വീടിനുള്ളില്‍ ഷിജോയും അമ്മയും ഭാര്യയും മക്കളുമാണുണ്ടായിരുന്നത്. വീടിന്റെ മുന്‍ഭാഗത്തോട് ചേര്‍ന്ന മുറിയിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇടിയുടെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കി.
അപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ ഡ്രൈവര്‍ ജിനോ, കണ്ടക്ടര്‍ സജി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കുകള്‍ ഗുരുതരമല്ല. ബസ്സില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
പുലര്‍ച്ചെ ആയതിനാല്‍ റോഡില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇല്ലാത്തതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.






.
Next Story

RELATED STORIES

Share it