Flash News

നിപ : കടുത്ത നടപടികള്‍ വേണമെന്ന് നിര്‍ദേശമുയരുന്നു, തീരുമാനമെടുക്കാന്‍ മടിച്ച് സര്‍ക്കാര്‍

നിപ : കടുത്ത നടപടികള്‍ വേണമെന്ന് നിര്‍ദേശമുയരുന്നു, തീരുമാനമെടുക്കാന്‍ മടിച്ച് സര്‍ക്കാര്‍
X


കോഴിക്കോട് : ജില്ലയില്‍ നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ രോഗവ്യാപനം നിയന്ത്രിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്ന് നിര്‍ദേശമുയരുന്നുവെങ്കിലും പലവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ കടുത്ത തീരുമാനമെടുക്കാന്‍ മടിച്ചുനില്‍ക്കുകയാണെന്ന് സൂചന.
ജില്ലയില്‍ സമ്പൂര്‍ണ ഐസൊലേഷന്‍ പ്രഖ്യാപിക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടികളിലൂടെയേ രോഗം പകരുന്നത് തടയാന്‍ ഈ ഘട്ടത്തില്‍ സാധിക്കൂ എന്ന് ആരോഗ്യപ്രവര്‍ത്തകരില്‍ ചിലരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമൊക്കെ അവധി നല്‍കുകയും ജില്ലയുടെ അകത്തേക്കും പുറത്തേക്കും യാത്രാവിലക്കേര്‍പ്പെടുത്തുകയുമൊക്കെ ഉള്‍പ്പെടുന്ന കടുത്ത നിയന്ത്രണങ്ങളാണ് ഈ സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ ആവശ്യം എന്നാണ് ആരോഗ്യമേഖലയിലുള്ള കുറച്ചു പേരെങ്കിലും കരുതുന്നത്. ഇത്തരമൊരു നിര്‍ദേശം നേരത്തേ ഉയര്‍ന്നുവന്നതായിരുന്നെങ്കിലും നടപ്പാക്കാതിരുന്നതിനാലാണ് തികച്ചും അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍ രോഗം റിപോര്‍ട്ടുചെയ്യപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പലവിധ കാരണങ്ങളാലാണ് കടുത്ത തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നത്. ജനങ്ങളില്‍ കടുത്ത ഭീതി പരത്തുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ജനങ്ങള്‍ കുറച്ചെങ്കിലും ആശങ്കയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായേ പറ്റൂ എന്ന് കടുത്ത നടപടികള്‍ വേണമെന്ന പക്ഷക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സമ്പൂര്‍ണ ഐസൊലേഷന്‍ പോലുള്ള നടപടികള്‍ വ്യാപാരമേഖലയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കും എന്നതാണ് മറ്റൊരാശങ്ക. എല്ലാത്തിനും പുറമേ പ്രതിച്ഛായയുടെ പ്രശ്‌നവും സര്‍ക്കാരിനെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട് എന്നാണ് സൂചന.
നിപ ബാധ പടരുന്നത് തടയാന്‍ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികള്‍ ഒരാഴ്ചത്തേക്ക് റദ്ദാക്കിയിരുന്നു. കുട്ടികളുടെ ട്യൂഷനുള്‍പ്പെടെ എല്ലാ പരിശീലനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് എന്തെങ്കിലും ഫലമുണ്ടെങ്കില്‍ കൂടുതല്‍ കടുത്ത നടപടികള്‍ കൂടുതല്‍ ശക്തമായി രോഗവ്യാപനത്തെ പിടിച്ചുകെട്ടാന്‍ സഹായിക്കുകയില്ലേ എന്ന ചോദ്യമാണ് ഒരുവിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
Next Story

RELATED STORIES

Share it