നിപാ വൈറസ് സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിച്ചിട്ടില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ നിപാ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലകളെ ബാധിച്ചിട്ടില്ലെന്ന് സ്‌റ്റേറ്റ് ടൂറിസം അ—ഡൈ്വസറി കമ്മിറ്റി യോഗത്തില്‍ വിലയിരുത്തല്‍. എന്നാല്‍ നിലവിലുള്ള ആശങ്കകള്‍ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
സംസ്ഥാനത്ത് നിപാ വൈറസ് ബാധ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മാത്രമാണ്. ഇത് ഉണ്ടായ സാഹചര്യത്തില്‍ തന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത പാലിച്ചതിനാല്‍ വളരെ വേഗത്തില്‍ തന്നെ നിയന്ത്രിക്കാനായതായി യോഗത്തില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ പോലും നിലവില്‍ ആശങ്കയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ പ്രചാരണങ്ങള്‍ ചിലരിലെങ്കിലും ആശങ്കയുണ്ടാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഈ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായതായും സംസ്ഥാനത്ത് നിലവില്‍ ആരോഗ്യപരമായി കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു. നിലവിലുള്ള ആശങ്കകള്‍ക്കു പരിഹാരം കാണാന്‍ ടൂറിസം രംഗത്തുള്ളവര്‍ മുന്‍കൈയെടുക്കണമെന്നും ടൂറിസം സെക്രട്ടറി അഭ്യര്‍ഥിച്ചു. വൈറസ് ബാധ ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി ടൂറിസം രംഗത്തിനു വളരെയേറെ ഗുണകരമായിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. ഇതിനെ സംബന്ധിച്ചുള്ള വിശ്വാസകരമായ കാര്യങ്ങള്‍ പുറത്തുവിടാനാണ് ടൂറിസം വകുപ്പ് ശ്രമിച്ചിട്ടുള്ളത്.
അതിനാല്‍ ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് ആവശ്യമെന്നും ഡയറക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it