kozhikode local

നിപാ വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

വടകര: നിപാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. ബോധവല്‍കരണം, ലഘുലേഖ വിതരണം, ശുചീകരണം തുടങ്ങിയ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരുക്കുന്നത്. ഇതിന്റെ ഭാഗമായി അതാത് ഓഫിസുകളില്‍ പ്രത്യേക യോഗം ചേര്‍ന്നു.
ബോധവല്‍കരണ കാംപയിന്റെ ഭാഗമായി വടകര ജില്ലാ ആശുപത്രിയില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജെഎച്ച്‌ഐ മാര്‍, ജെപിഎച്ച്‌ഐ മാര്‍, ആശാ വര്‍ക്കര്‍മാര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. 25ന് കാലത്ത് പതിനൊന്ന് മണിക്ക് അങ്കണവാടി ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്താന്‍ തീരുമാനിച്ചു. വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം, ലഖുലേഖ വിതരണം, പഴം, പച്ചക്കറി വ്യാപാരികള്‍ക്ക് മുന്‍ കരുതല്‍ നടപടി നിര്‍ദേശം നല്‍കാനും തീരുമാനിച്ചു. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെവി അലി അധ്യക്ഷത വഹിച്ചു. ഡോ. പിസി ഹരിദാസ്, ഡോ. എം പ്രേംരാജ് എന്നിവര്‍ ക്ലാസെടുത്തു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ഗിരീശന്‍, പി അശോകന്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ ദിവാകരന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ സംബന്ധിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിപാ വൈറസ് അവലോകന യോഗം നടത്തി. ഇതേവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗം ബ്ലോക്ക് പരിധിയിലെ മുഴുവന്‍ വീടുകളിലും ലഖുലേഖ വിതരണം ചെയ്യാനും, ഗ്രാമസഭയിലും, കുടുംബശ്രീ യോഗങ്ങള്‍, സ്‌കൂള്‍ അസംബ്ലികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റുമാരായ എംകെ ഭാസ്‌കരന്‍(ഏറാമല), പിവി കവിത(ഒഞ്ചിയം), കെകെ നളിനി(ചോറോട്), ജില്ലാ പഞ്ചായത്ത് മെമ്പര്‍ എടി ശ്രീധരന്‍, ശശികല ദിനേശന്‍, വികെ സന്തോഷ്‌കുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.മോഹനന്‍, ഡോ.നസീര്‍, ഡോ.ശ്രീരാജ്, ഡോ.ഡെയ്‌സി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എംജെ ഉലഹന്നാന്‍, എച്ച്‌ഐ വികെ പ്രേമന്‍, ബിഡിഒ ജീനാബായി സംസാരിച്ചു.
ഏറാമല പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴുവന്‍ ഗ്രാമസഭകളിലും വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റികളും വിളിച്ചു ചേര്‍ക്കും. പറമ്പുകളിലും, റോഡിലും വീണു കിടക്കുന്ന മാങ്ങ, ഞാറല്‍ തുടങ്ങിയ പഴ വര്‍ഗങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ കഴിക്കുന്നത് ഒഴിവാക്കാനും, വവ്വാല്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും, നിപാ വൈറസിനെ പറ്റി ലഖുലേഖ വിതരണം ചെയ്യാനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംകെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഡോ.ആദര്‍ശ് ഉനയില്‍ ക്ലാസെടുത്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വികെ സന്തോഷ് കുമാര്‍, പികെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ലിസിന പ്രകാശ്, വികെ ജസീല, മെമ്പര്‍ പി രാമകൃഷ്ണന്‍, എംജെ ഉലഹന്നാന്‍, വികെ പ്രേമന്‍, ദേവകി, ബിജു പാലേരി സംസാരിച്ചു.
മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ജാഗ്രതാ യോഗം നടത്തി. വാര്‍ഡ് തലശുചിത്വ കമ്മറ്റികള്‍ ചേര്‍ന്ന് ഗ്രഹസന്ദര്‍ശനവും ബോധവല്‍കരണ ക്ലാസും നടത്തും. പഞ്ചായത്ത് തലത്തില്‍ 28,29 തിയതികളില്‍ ആരോഗ്യ ബോധവല്‍കരണ പ്രചരണ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രസിഡന്റ് എം ജയപ്രഭ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ബാലന്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ടി ഗീത, ഇ മോഹന്‍ദാസ്, ടികെഅഷറഫ്, ടിസി രമേശന്‍, ഒ രാധാകൃഷ്ണന്‍, പ്രമോദ് കോണിച്ചേരി, എം ജനാര്‍ദ്ദന ന്‍, കൃഷി ഓഫിസര്‍ പി രേണു, സെക്രട്ടറി കെ മനോജ് സംസാരിച്ചു.
Next Story

RELATED STORIES

Share it