Flash News

നിപാ വൈറസ്: ഒരു മരണം കൂടി; ചികില്‍സിച്ച ഡോക്ടര്‍ ആശുപത്രിയില്‍

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് മരിച്ചത്. ഈ മാസം 16 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പേവാര്‍ഡില്‍ ചികില്‍സയിലായിരുന്നു. നേരത്തേ നിപാ ബാധിച്ചു മരിച്ച ജാനകിയുടെ ബന്ധുവാണ് കല്ല്യാണി. കഴിഞ്ഞ 16ന് അമിതമായി മരുന്നു കഴിച്ചതിനെ തുടര്‍ന്ന് രക്തസമ്മര്‍ദം കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭര്‍ത്താവ്: പരേതനായ കടുങ്ങാന്‍. മക്കള്‍: മാതു എട്ടേച്ചാല്‍, ദേവി കൈവേലി, ചന്ദ്രി വിലങ്ങാട്, നാണു കൈവേലി, രാജന്‍ കൈവേലി. മരുമക്കള്‍: കണ്ണന്‍, കുമാരന്‍, പവിത്രന്‍, കമല, മോളി.
ഇതോടെ നിപാ ബാധിച്ചു മരിച്ചവരുടെ എണ്ണം 13 ആയി. നിപാ സ്ഥിരീകരിച്ച മൂന്നുപേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ്.
അതിനിടെ, നിപാ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടില്‍ സാലിഹ്, സാബിത്ത് എന്നിവരെ ചികില്‍സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. വരുണ്‍ ഹാരിഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. പനിയെ തുടര്‍ന്നാണ് ചികില്‍സ തേടിയത്. മരിച്ചവരുമായി ഇടപഴകിയവരുടെയും സമാന രോഗലക്ഷണങ്ങള്‍ ഉള്ളവരുടെയും രക്തസാംപിളുകള്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തിന് കാര്യമായ അസുഖമൊന്നും ഇല്ലാത്തതിനാല്‍ പരിശോധന നടത്തിയിരുന്നില്ല. ഇവരെ ചികില്‍സിച്ച നഴ്‌സ് നേരത്തേ മരണത്തിനു കീഴടങ്ങിയിരുന്നു. 29 പേരാണ് വൈറസ്ബാധ സംശയിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്.
Next Story

RELATED STORIES

Share it