malappuram local

നിപാ വൈറസ് : ആശങ്ക വേണ്ട

മലപ്പുറം: നിപാ വൈറസ് വ്യാപനം സംബന്ധിച്ച് ജില്ലയില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് നിയസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗ വ്യാപനം തടയുന്നതിന് നിലവില്‍ ആരോഗ്യ വകുപ്പ് തൃപ്തികരമായ രീതിയില്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. മികച്ച രീതിയില്‍ ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. ആരോഗ്യമന്ത്രി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തുന്നതായും സ്പീക്കര്‍ അറിയിച്ചു. വൈറസ് വ്യാപനവുമായി ഏതെങ്കിലും തരത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ആശങ്കയകറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ബ്ലോക്ക് തലത്തില്‍ മ്യഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും.
ആശങ്കയുന്നയിക്കുന്നവര്‍ക്ക് ഈ ടീം കൃത്യമായ മറുപടി നല്‍കും. ഇതിനുപുറമെ സ്ഥലം സന്ദര്‍ശിച്ച് ആശങ്കയകറ്റുന്നതിന് ആവശ്യമായ നടപടിയും സ്വീകരിക്കും. ജില്ലയിലെ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. എല്ലാ ദിവസവും അവലോകന യോഗങ്ങള്‍ നടത്തുന്നുണ്ട്. ബന്ധപ്പെട്ട കേസുകള്‍ വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് ജീവനക്കര്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ രോഗം നിപയല്ലെന്ന് സ്ഥിരീകരിച്ചു. ഇവിടെ അടിയന്തര സഹചര്യത്തില്‍ ഉപയോഗിക്കാനായി ഐസിയുവില്‍ ഏഴ് കിടക്കകളുള്ള പ്രത്യേക വാര്‍ഡ് സജീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
ജില്ലയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണമായ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സഹചര്യത്തില്‍ ഉപയോഗിക്കാനായി ജില്ലയില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. മണിക്കൂറിന് 100 രൂപ എന്ന നിരക്കില്‍ വെന്റിലേറ്ററിന് ജില്ലാ ഭരണകൂടം പണം നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്കുണ്ടാവുന്ന മറ്റ് ചെലവുകളും സര്‍ക്കാര്‍ വഹിക്കും. സമാന രോഗ ലക്ഷണങ്ങള്‍ കാണുന്ന രോഗികളെ ജില്ലാ മെഡിക്കില്‍ ഓഫിസര്‍ അറിയാതെ ആശുപത്രികള്‍ മാറ്റുകയോ സ്വതന്ത്രമായ യാത്രക്കോ അനുവദിക്കരുതെന്ന് നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന യോഗത്തില്‍ അറിയിച്ചു. അനാവശ്യമായി ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന ശീലം ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍, ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it