Flash News

നിപാ: വവ്വാലുകളെ പിടികൂടുന്നത് താല്‍ക്കാലികമായി നിര്‍ത്തി

കോഴിക്കോട്: നിപാ വൈറസ് ബാധയുണ്ടായത് വവ്വാലുകളി ല്‍ നിന്നാണോയെന്ന് മനസ്സിലാക്കാന്‍ പഴംതീനി വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. രോഗബാധ ആദ്യം റിപോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പുതിയ നിപാ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്തതും വവ്വാലുകളെ പിടികൂടി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കാരണമാണു പരിശോധന താല്‍ക്കാലികമായി നിര്‍ത്തിയത്.
രോഗം പൂര്‍ണ നിയന്ത്രണത്തിലായതിനു ശേഷം വിശദമായ പഠനം നടത്താനാണു വിദഗ്ധര്‍ ആലോചിക്കുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കും. ഇതുവരെ പിടികൂടി പരിശോധനയ്ക്കയച്ച വവ്വാലുകളിലും രോഗബാധയേറ്റ് ആദ്യം മരിച്ച സാബിത്തിന്റെ വീട്ടിലെ മുയലുകളിലും രോഗാണു കണ്ടെത്തിയിരുന്നില്ല. പേരാമ്പ്ര സൂപ്പിക്കടയില്‍ നിന്നു പിടിച്ച മൂന്ന് പഴംതീനി വവ്വാലുകള്‍, പത്തെണ്ണത്തിന്റെ മൂത്ര സാംപിളുകള്‍, സാബിത്തിന്റെ വീട്ടിലെ വളര്‍ത്തുമുയലിന്റെ രക്തം, സ്രവങ്ങള്‍ എന്നിവയാണ് ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈസെക്ക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ പരിശോധിച്ചത്. ഇവയുടെയെല്ലാം പരിശോധനാഫലം നെഗറ്റീവായിരുന്നു.
എന്നാല്‍ വവ്വാലുകളല്ല വൈറസ് വാഹകരെന്ന് ഇതിന് അര്‍ഥമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറവിടം വവ്വാലാണോ അല്ലയോ എന്ന് കൃത്യമായ നിഗമനത്തിലെത്താന്‍ ചുരുങ്ങിയത് 1000 വവ്വാലുകളെയെങ്കിലും പരിശോധിക്കേണ്ടിവരുമെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജി അരുണ്‍കുമാര്‍ പറഞ്ഞു.
ലോകത്ത് നിപാ വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ടയിടങ്ങളിലെല്ലാം വവ്വാലുകളാണ് വൈറസിന്റെ സ്രോതസ്സെന്ന് കണ്ടെത്തിയിരുന്നു. പേരാമ്പ്രയിലും വൈറസ് പകര്‍ന്നത് വവ്വാലില്‍ നിന്നാണെന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാനാവശ്യമായ യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. വവ്വാലുകള്‍ കൂട്ടമായി വസിക്കുന്ന “കോളനികളില്‍’ നിന്ന് അവയെ പിടികൂടി രക്തത്തില്‍ വൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുണ്ടോയെന്ന് പരിശോധിക്കുകയാണ് സ്ഥിരീകരിക്കാനുള്ള വഴി. വിപുലമായ തോതില്‍ അത്തരം പരിശോധന നടത്തി ഫലം പുറത്തുവരാന്‍ മാസങ്ങളെടുക്കും.




Next Story

RELATED STORIES

Share it