malappuram local

നിപാ ഭീതി അകലുന്നുജില്ലയിലെ കുട്ടികള്‍ ഇന്ന് സ്‌കൂളിലേക്ക്്

മലപ്പുറം: വേനലവധി കഴിഞ്ഞ് ജില്ലയിലെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. നിപാ വൈറസ് ഭീതി മാറിത്തുടങ്ങിയതോടെയാണ് ജില്ലയിലെ വിദ്യാലയങ്ങള്‍ തുറന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ജില്ലാ, ബിആര്‍സി പഞ്ചായത്തുതല പ്രവേശനോല്‍സവങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ 1357 വിദ്യാലയങ്ങളിലും പ്രവേശനോല്‍സവം നടക്കും.
ജില്ലയിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി മൊത്തം 23,163 അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയ്്ക്കു പ്രാധാന്യം നല്‍കിയുള്ള പരിശീലന പരിപാടിയായ ഹലോ ഇംഗ്ലീഷ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലും ഐടി അധിഷ്ഠിത പരിശീലനവും നല്‍കിയിട്ടുണ്ട്. വിദ്യാലയ കാംപസുകള്‍ ഹരിതാഭമാക്കുന്നതിന് ഊന്നല്‍ നല്‍കി ഹരിതോല്‍സവത്തിനും പരിപാടികള്‍ തയാറാക്കി. സംസ്ഥാനതലത്തിലുള്ള പരിപാടികള്‍ക്കുപുറമേ ജില്ലാ തലത്തില്‍ കൊള്ളാമീ മഴ എന്ന പേരില്‍ ദ്വിദിന സഹവാസ ക്യാംപ്് നടത്തും. ‘കാംപസ് ഒരു പാഠപുസ്തകം’ എന്ന കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ സാങ്കേതിക മികവിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് മികച്ച പിന്തുണയാണ് സമൂഹത്തില്‍ നിന്നു ലഭിക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം കൂടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പതിനാറായിരത്തോളം വിദ്യാര്‍ഥികളാണ് കൂടിയത്. ഈ വര്‍ഷം ഒന്നാം ക്ലാസിലേയ്ക്ക് പ്രവേശനം നേടുന്നത് 55,498 വിദ്യാര്‍ഥികളാണ്. വിദ്യാലയങ്ങളില്‍ നിന്നു ലഭിച്ച പ്രാഥമിക കണക്കാണിത്. ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പ് പൂര്‍ത്തിയായാലേ വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് ലഭ്യമാവൂ. കഴിഞ്ഞ വര്‍ഷം 55,728 പേരാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നത്.
കഴിഞ്ഞ വര്‍ഷം മൊത്തം 6.26 ലക്ഷം വിദ്യാര്‍ഥികള്‍ ജില്ലയിലെ സര്‍ക്കാര്‍, ഐഡഡ് വിദ്യാലയങ്ങളില്‍ പഠനം നടത്തിയിരുന്നു. ജില്ലാതല പ്രവേശനോല്‍സവം എടപ്പാള്‍ ബിആര്‍സിയിലെ തവനൂര്‍ കെഎംജിയുപി സ്‌കൂളിലാണ് നടക്കുക. മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ നാസര്‍ എന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ വി സുധാകരന്‍ ടാലന്റ് ഹണ്ട് പരിപാടി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it