kozhikode local

നിപാ പ്രതിരോധത്തിലെ ഐക്യം നവകേരള സൃഷ്ടിക്ക് പ്രചോദനം: മുഖ്യമന്ത്രി

കോഴിക്കോട്: നിപാ വൈറസ് ബാധയെ നേരിടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും കാണിച്ച ഐക്യം വലിയ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളൊന്നങ്കം കാണിച്ച ഈ ഐക്യം നവകേരള സൃഷ്ടിക്ക് പ്രചോദനമാണ്. സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന വിപത്തുകളെ ആത്മസമര്‍പ്പണംകൊണ്ടും യോജിപ്പോടെയും നേരിടാനാവുമെന്ന വലിയ സന്ദേശമാണ് നിപാക്കെതിരായ പ്രതിരോധ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടാഗൂര്‍ സെന്റിനറി ഹാളില്‍ നിപാ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ചവര്‍ക്ക് കോഴിക്കോട് പൗരാവലി നല്‍കിയ സ്‌നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വലിയ പകര്‍ച്ചാ സാധ്യതയുള്ള നിപാ വൈറസിനെ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനം ലോകത്തിന് മാതൃകയാണ്. ലോകാരോഗ്യ സംഘടനയുള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ ആഗോള സംഘടനകളും സ്ഥാപനങ്ങളും കേരളത്തിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ചു. നിപാക്കെതിരായ വിജയം ഏത് അപകടം പിടിച്ച സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാണെന്നതിന് തെളിവാണ്.
കേരളത്തില്‍ അടിക്കടിയുണ്ടാവുന്ന വൈറല്‍ രോഗങ്ങളെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ചിക്കുന്‍ഗുനിയ, ഡങ്കി പോലുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന്റെ കാരണം വ്യക്തമായി കണ്ടെത്തണം. അതിന് വേണ്ടിയാണ് നിപാ റിപോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരത്ത് അത്യാധുനിക വൈറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിന്റെ ആദ്യ ഘട്ട നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നിപാ പ്രതിരോധങ്ങള്‍ക്ക് കോഴിക്കോട് ക്യാംപ് ചെയ്ത് നേതൃത്വം നല്‍കിയ ആരോഗ്യ മന്ത്രി കെ കെ ശൈലജ, മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ എല്‍ സരിത,  ജില്ലാ കലക്ടര്‍ യു വി ജോസ്, ഡിഎംഒ വി ജയശ്രീ, രോഗം ആദ്യം തിരിച്ചറിഞ്ഞ ഡോ. അനൂപ് കുമാര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്്്്്് തലവന്‍ ഡോ. അരുണ്‍ കുമാര്‍, രോഗം പിടിപ്പെട്ട് മരണപ്പെട്ട നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. അജിത് കുമാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ആദരം ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it