kozhikode local

നികുതി കുടിശ്ശിക: ആശങ്കയുമായി കെട്ടിട ഉടമകള്‍



താമരശ്ശേരി: നികുതി കുടിശ്ശിക വരുത്തിയ കെട്ടിട ഉടമസ്ഥര്‍ക്കെതിരേ പഞ്ചായത്ത് സെക്രട്ടറി രംഗത്തെത്തിയതോടെ ആശങ്കയുമായി കെട്ടിട ഉടമകള്‍. കാലാകാലങ്ങളായി യാതൊരു നികുതിയും അടക്കാതെ സ്ഥാപനങ്ങള്‍ നടത്തിവരുന്ന കെട്ടിട ഉടമകളാണ് ആശങ്കയിലായത്. മത,രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പഞ്ചായത്തിന്റെ തനത് ഫണ്ടിലേക്ക് എത്തേണ്ട നികുതി പണമാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. ഇതിനു പിന്നില്‍ പഞ്ചായത്തു ഭരിക്കുന്നവരും ഉദ്യോഗസ്ഥരും ഒത്താശചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പാവപ്പെട്ടവന്റെ വീട്ടു നികുതി അടവുതെറ്റിയാല്‍ യാതൊരു ദയ ദാക്ഷിണ്യവുമില്ലാതെ പിഴയും പിഴപ്പലിശയും ഈടാക്കും. രേഖകള്‍ കിട്ടാനും മറ്റും പഞ്ചായത്തിലെത്തുമ്പോള്‍ കെട്ടിട നികുതി അടച്ചില്ലെന്ന കാരണത്താല്‍ സാധാരണക്കരെ വട്ടം കറക്കുന്ന ഉദ്യോഗസ്ഥര്‍ ഇത്തരം വന്‍കിടക്കാരെ തൊടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതാണ് ഇത്തരത്തില്‍ വന്‍ കുടിശ്ശികക്കു കാരണമായത്. പുതുതായി താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായി ചുമതലയേറ്റ മിഥുന്‍ കൈലാസ് നികുതികുടിശ്ശിക വരുത്തിയവര്‍ക്കെതിരെ നടപടിയുമായി രംഗത്തുവരികയായിരുന്നു.ഇതിന്റെ ഭാഗമായി താമരശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നികുതി കുടിശ്ശിക വരുത്തിയതിനാല്‍ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഇതിന്റെ കസ്റ്റോഡിയനായ ജില്ലാ കലക്ടര്‍ക്ക് ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്. തുടര്‍ന്ന് ഇതിന്റെ കോപ്പി തഹസില്‍ദാര്‍ക്കും കഴിഞ്ഞ ദിവസം നല്‍കി. കുടിശ്ശിക ഇനത്തില്‍ അഞ്ച് ലക്ഷത്തിലധികം രൂപ പഞ്ചായത്തിലേക്ക് അടക്കാനുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള  കെട്ടിട നികുതി അടക്കാത്തവര്‍ക്കെതിരെ നോട്ടീസ് നല്‍കിവരുന്നത്. ഇത് താമരശ്ശേരി പഞ്ചായത്തില്‍ വന്‍ വിവാദങ്ങള്‍ക്കും വാഗ്‌വാദങ്ങള്‍ക്കും കാരണമാവും. പഞ്ചായത്തില്‍ സെക്രട്ടറിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ പോര്‍മുഖത്താണ്. വരും ദിനങ്ങളില്‍ ഫയലുകള്‍ പരിശോധിച്ചു ഉചിത നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.
Next Story

RELATED STORIES

Share it