Pathanamthitta local

നാളെ സ്‌കൂളുകളില്‍ പ്രവേശനോല്‍സവം



പത്തനംതിട്ട: പുതിയ അധ്യയനവര്‍ഷത്തിനു തുടക്കം കുറിക്കുന്ന നാളെ സ്‌കൂളുകളില്‍ പ്രവേശനോല്‍സവം. കുട്ടികളെ സന്തോഷത്തോടെ വിദ്യാലയാന്തരീക്ഷത്തിലേക്കു വരവേല്‍ക്കുകയും ആദ്യദിനം ആഹ്ലാദഭരിതമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോല്‍സവം സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍, വിദ്യാലയ വികസനസമിതി അംഗങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍. സ്‌കൂള്‍തലത്തിലെ പരിപാടികള്‍ കൂടാതെ ഗ്രാമപ്പഞ്ചായത്ത്, ബിആര്‍സി, ജില്ലാതലങ്ങളിലും ഉദ്ഘാടനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഹരിത പ്രോട്ടോക്കള്‍ പാലിച്ചുകൊണ്ടുള്ള പരിപാടികളാണ് ഇക്കുറി പ്രവേശനോല്‍സവത്തിന്റെ ഭാഗമായുള്ളത്. ചെലവിലേക്ക് ഓരോ സ്‌കൂളിനും എസ്എസ്എയില്‍ നിന്ന് 1000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.  പ്രത്യേകമായി ചിട്ടപ്പെടുത്തിയ പ്രവേശനോല്‍സവഗാനം കുട്ടികള്‍ ആലപിക്കും. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം എല്ലാ സ്‌കൂളുകളിലും വായിക്കും. വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. പഠനോപകരണങ്ങള്‍, പുസ്തകം എന്നിവയും കുട്ടികള്‍ക്കു നല്‍കും. വിദ്യാഭ്യാസവകുപ്പ് പ്രത്യേകമായി തയ്യാറാക്കിയ രണ്ടു വീതം ബാനര്‍, പോസ്റ്ററുകള്‍ എന്നിവ എസ്എസ്എ മുഖേന വിദ്യാലയങ്ങളിലെത്തിച്ചിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് പത്തനംതിട്ട താഴെവെട്ടിപ്രം ഗവ. എല്‍പി സ്‌കൂളില്‍ നടക്കും. കിറ്റിഷോയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 10.30ന് നടക്കുന്ന സമ്മേളനത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും. നവാഗതര്‍ക്കുള്ള പഠനോപകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപും വായനാസാമഗ്രികളുടെ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരും ബോധനസാമഗ്രികളുടെ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജി അനിതയും എല്‍പിജി കണക്്ഷന്‍ വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബും ശാലാസിദ്ധി കൈപ്പുസ്തകം കൈമാറല്‍ എസ്എസ്എ കണ്‍സല്‍ട്ടന്റ് ഡോ. ടി പി കലാധരനും നിര്‍വഹിക്കും. നഗരസഭ കൗണ്‍സിലര്‍മാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ആര്‍ വിജയമോഹനന്‍, എസ്എസ്എ പ്രോഗ്രാം ഓഫിസര്‍ എ പി ജയലക്ഷ്മി, ബിപിഒ കെ ജി മിനി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി ജി സതീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it