kasaragod local

നാളികേര ഉല്‍പാദനം ഇടിയുന്നു; കാര്‍ഷിക മേഖല പ്രതിസന്ധിയില്‍



കാഞ്ഞങ്ങാട്: സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വിളയായ നാളികേരത്തിന്റെ ഉല്‍പാദനം കുത്തനെ കുറയുന്നു. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തേങ്ങയുടെ ഉല്‍പാദനത്തില്‍ നാല്‍പത് ശതമാനം കുറവുള്ളതായി നാളികേര കച്ചവടക്കാര്‍ പറയുന്നു. മഴക്കാലത്ത് കര്‍ഷകര്‍ പച്ചതേങ്ങയാണ് സാധാരണയായി വിറ്റഴിക്കാറ്. സ്വന്തമായി ഡ്രയറുള്ള വന്‍കിട കര്‍ഷകര്‍ മാത്രമാണ് കൊപ്രയാക്കുന്നത്. ജൂണ്‍ മാസത്തിന് ശേഷം കണ്ണൂര്‍, കാസര്‍കോട് വിപണിയില്‍ വന്ന തേങ്ങയുടെ അളവ് പകുതിയോളം കുറവുണ്ടായതാണ് കച്ചവടക്കാരും കര്‍ഷകരും പറയുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തെ രൂക്ഷമായ വരള്‍ച്ചായാണ് ഉല്‍പാദനം ഇത്രകണ്ട് കുറയാന്‍ ഇടയാക്കിയത്. ജില്ലയില്‍ ജലസേചന സൗകര്യമുള്ള തെങ്ങിന്‍ തോപ്പുകള്‍ വളരെ കുറച്ചു മാത്രമേ ഉള്ളു. അതുകൊണ്ടുതന്നെ വരള്‍ച്ച തെങ്ങ് കൃഷിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. വേനല്‍കാലത്ത് തെങ്ങിന്‍ പൂക്കുല വിരിയാത്തതിനാലാണ് ഉല്‍പാദനം കുറഞ്ഞതെന്ന് കാര്‍ഷിക വിദഗ്ധരും സമ്മതിക്കുന്നുണ്ട്. തേങ്ങയ്ക്ക് ക്ഷാമം നേരിട്ടതോടെ വിപണിയില്‍ വില കുതിച്ച് ഉയരുകയാണ്. പച്ചതേങ്ങയ്ക്ക് വിപണിയില്‍ 45 രൂപയോളമാണ് വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് ഇപ്പോഴത്തെ വില. ഉല്‍പാദന കുറവിന് പുറമേ തെങ്ങുകള്‍ക്കുണ്ടാകുന്ന കൂമ്പ് ചീയല്‍ രോഗവും വെള്ളീച്ചയുടെ അക്രമണവും കൃഷി വ്യാപകമായി നശിക്കാനിടയാക്കിയിരുന്നു. മംഗളൂരു മുതല്‍ പിലിക്കോട് വരെയുള്ള തീരദേശങ്ങളില്‍ വെള്ളീച്ചയുടെ അക്രമണത്തില്‍ ഹെക്ടര്‍ കണക്കിന് തെങ്ങിന്‍ തോപ്പുകളാണ് ഇല ഉണങ്ങി നശിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ തെങ്ങിന്റെ മണ്ടചീയലാണ് കൃഷിയുടെ അന്തകനാവുന്നത്. കര്‍ഷകര്‍ക്ക് തെങ്ങ് കൃഷിയോടുള്ള താല്‍പര്യം കുറഞ്ഞു വരുന്നതാണ് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം സങ്കരയിനം തെങ്ങിന്‍ തൈകളുടെ വില്‍പന ഗണ്യമായി കുറഞ്ഞതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. ജൈവവളങ്ങളുടെ വില വര്‍ദ്ധനവും കൂലിചെലവുകളുടെ വര്‍ധനവും നിമിത്തം കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇക്കുറി ഉല്‍പാദനം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it