നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ജമ്മു: പാക് വെടിവയ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണു ജമ്മുകശ്മീരിലെ സാംബ ജില്ലയിലെ ചാംബ്ലിയാല്‍ മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈന്യം വെടിയുതിര്‍ത്തത്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ എല്ലാ അര്‍ഥത്തിലും നടപ്പാക്കാമെന്ന രണ്ട് രാഷ്ട്രത്തിന്റെയും ഉന്നത സൈനിക വൃത്തങ്ങള്‍ തമ്മില്‍ ധാരണയായി ഒരാഴ്ചയ്ക്കുള്ളിലാണ് പാകിസ്താന്റെ ഭാഗത്ത് നിന്നു വലിയ ആക്രമണം ഉണ്ടാവുന്നത്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബിഎസ്എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റാണ്. ചൊവ്വാഴ്ച രാത്രിയോടെ രാംഗഡിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നു പാകിസ്താന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാം അവ്താര്‍ പറയുന്നു.
മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചൊവ്വാഴ്ച രാത്രി 10.30ഓടെ ആരംഭിച്ച വെടിവയ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു. ബിഎസ്എഫ് സേന പ്രത്യാക്രമണം നടത്തുകയും ചെയ്തു.
അതിനിടെ ഇന്ത്യയാണു പ്രകോപനങ്ങളൊന്നും കൂടാതെ വെടിവയ്പ് ആരംഭിച്ചതെന്ന് പാകിസ്താന്‍ ആരോപിച്ചു. ഇന്ത്യന്‍ ആക്റ്റിങ് ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തിയ പാകിസ്താന്‍ സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നുണ്ടെന്നും പാകിസ്താനാണ് ലംഘിക്കുന്നതെന്നും ബിഎസ്എഫ് എഡിജി കമല്‍നാഥ് ചൗബെ പറഞ്ഞു. രണ്ട് രാഷ്ട്രത്തിന്റെയും ഉന്നത സൈനിക വൃത്തങ്ങള്‍ തമ്മില്‍ ധാരണയായ ശേഷം അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ തിരികെവന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ വെടിവയ്പ്പ്.
Next Story

RELATED STORIES

Share it