നാലുവര്‍ഷം മുമ്പ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിന്‍മേല്‍ അന്വേഷണം

കല്‍പ്പറ്റ: 2014ല്‍ ആത്മഹത്യ ചെയ്ത മാനന്തവാടിയിലെ സ്വര്‍ണപണിക്കാരന്‍ സതീശന്റെ ആത്മഹത്യാ കുറിപ്പുമായി ബന്ധപ്പെട്ടു പോലിസ് വീണ്ടും അന്വേഷണം ആരംഭിച്ചു. 305/2014 ക്രൈം നമ്പര്‍ പ്രകാരം മാനന്തവാടി പോലിസ് അസ്വാഭാവിക മരണത്തിനു രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് മാനന്തവാടി എസ്എംഎസ് പോലിസ് അന്വേഷണം നടത്തുന്നത്. ആത്മഹത്യ ചെയ്ത സതീശന്റെ ആത്മഹത്യാ കുറിപ്പില്‍ സജിത്തെന്ന വ്യക്തിയുടെ പേര് പരാമര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വാരാമ്പറ്റ വിഷമദ്യ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പോലിസ് വീണ്ടും അന്വേഷണം നടത്തുന്നത്.
ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സമയത്തെ സാക്ഷികളില്‍ നിന്നു പോലിസ് ഇന്നലെ വീണ്ടും മൊഴിയെടുത്തു. സജിത്താണ് തന്റെ മരണത്തിനു കാരണക്കാരനെന്നാണ് ആത്മഹത്യാ കുറിപ്പില്‍ സതീശന്‍ കുറിച്ചിരുന്നത്. അന്നത്തെ മാനന്തവാടി എസ്‌ഐ വസന്തകുമാറിന്റെ സാന്നിധ്യത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തപ്പോഴുണ്ടായിരുന്ന സാക്ഷികളോടാണ് ഇന്നലെ പോലിസെത്തി മൊഴിയെടുത്തത്. സതീശന്റെ കൈയക്ഷരം ഉറപ്പിക്കുന്നതിനായി സഹോദരിയില്‍ നിന്നും മൊഴിയെടുത്തു.
കൂട്ടക്കൊലപാതകക്കേസിലെ പ്രതി സന്തോഷ് സജിത്തിനെ വധിക്കാനാണ് മദ്യത്തില്‍ വിഷം കലര്‍ത്തിയത്. ഭാര്യാ സഹോദരനായ സതീശന്റെ ആത്മഹത്യാ കുറിപ്പില്‍ സജിത്തിനെതിരേയുള്ള പരാമര്‍ശവും സതീശന്‍ തന്റെ ഡയറിയില്‍ ഐ വില്‍ കില്‍ യൂ സജിത്ത് എന്ന് എഴുതിവച്ചതുമായ കുറിപ്പും കണ്ടതോടെയാണ് സന്തോഷ് സജിത്തിനെ വധിക്കാനായി തീരുമാനിച്ചതെന്നാണ് പോലിസിനു നല്‍കിയിരിക്കുന്ന മൊഴി. അതിന്റെ ഭാഗമായാണ് സന്തോഷ് മദ്യത്തില്‍ സയനഡ് കലര്‍ത്തി സജിത്തിനു നല്‍കിയതും അതറിയാതെ സജിത്ത് ആ മദ്യം തിക്‌നായിക്ക് നല്‍കിയതും കൂട്ടമരണം സംഭവിക്കാനിടയായതും. നാലുവര്‍ഷം മുമ്പുള്ള ആത്മഹത്യാ കുറിപ്പിന്‍മേല്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം പുനരന്വേഷണം ആവശ്യമെങ്കില്‍ പോലിസിന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാം. അതിനനുസരിച്ചായിരിക്കും പ്രസ്തുത കേസിന്റെ പുനരന്വേഷണമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it