thiruvananthapuram local

നാമനിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; ജില്ലയില്‍ അവസാന ദിനം പത്രിക നല്‍കിയത് 84 പേര്‍

തിരുവനന്തപുരം: പത്രികാ സമര്‍പ്പണത്തിന് അവസാന ദിനമായ വെള്ളിയാഴ്ച ജില്ലയില്‍ സ്ഥാനാര്‍ഥിപ്പട തന്നെ ഇറങ്ങി. പ്രമുഖരും സ്വതന്ത്രരും അപരന്മാരും ഡമ്മികളും ഉള്‍പ്പെടെ കൂട്ടത്തോടെ ഇന്നലെ 84 പേര്‍ പത്രിക സമര്‍പ്പിച്ചു.
വ്യാഴാഴ്ച വരെ 80 പത്രികകളാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ ലഭിച്ച പത്രികകളുടെ എണ്ണം 164. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 153 പത്രികകളാണ് അവസാന ദിവസം ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ മിക്ക വരണാധികാരികളുടെയും ഓഫിസുകള്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും കൊണ്ട് സജീവമായിരുന്നു. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന.
മെയ് 2 വരെ പത്രിക പിന്‍വലിക്കാം. അതോടെ ജില്ലയിലെ സ്ഥാനാര്‍ഥിചിത്രം പുറത്തുവരും. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാര്‍, നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഒ രാജഗോപാല്‍, നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജ്, ചിറയിന്‍കീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് അജിത്കുമാര്‍ തുടങ്ങിയവര്‍ ഇന്നലെ പത്രിക നല്‍കിയവരില്‍ പെടും.
വി എസ് ശിവകുമാര്‍ സിവില്‍ സ്‌റ്റേഷനില്‍ ആര്‍ഡിഒ യു നാരായണന്‍കുട്ടിക്കു മുന്നിലും ഒ രാജഗോപാല്‍ കൈതമുക്കിലെ കോ-ഓപറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാര്‍ എന്‍ കെ വിജയനു മുമ്പാകെയും കെ എസ് അജിത്കുമാര്‍ സിവില്‍ സ്‌റ്റേഷനില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ ടി വര്‍ഗീസിനു മുന്നിലും ആര്‍ ശെല്‍വരാജ് കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ വി ഡി ജോക്കു മുമ്പാകെയും പത്രിക നല്‍കി.
കോവളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ടി എന്‍ സുരേഷ് സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ കെ രാജേന്ദ്രനു മുമ്പാകെയും നെയ്യാറ്റിന്‍കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന്‍ കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ വി ഡി ജോക്കും പത്രിക നല്‍കി. പാറശ്ശാല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കരമന ജയന്‍ പാറശ്ശാല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസിലും പത്രിക നല്‍കി.
നെടുമങ്ങാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി വി രാജേഷ് നെടുമങ്ങാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസിലും വര്‍ക്കല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എസ് ആര്‍ എം അജി വര്‍ക്കല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസിലും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it