Kollam Local

നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

ചവറ: തേവലക്കര ഗ്രാമപ്പഞ്ചായത്ത് ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു. പടിഞ്ഞാറ്റക്കര ഇരുപത്തിരണ്ടാം വാര്‍ഡിലെ വെളുത്തമ്മാര്‍ കാവിന് തെക്ക് ഭാഗത്തുള്ള നാല്‍പതോളം കുടുംബങ്ങളില്‍പ്പെട്ട സ്ത്രീകളടക്കമുള്ളവരാണ് ഇന്നലെ സംഘടിപ്പിച്ച  ഉപരോധത്തില്‍ പങ്കെടുത്തത്. ഈ കുടുബങ്ങള്‍ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ഏകവഴിയായ വെളുത്തമ്മാര്‍ കാവ്-കടുക്കരത്തറ വരെയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി 2014ല്‍ നാലുലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ റോഡ് ഉള്‍പ്പെടുന്ന വസ്തുവില്‍ ഉടമാസ്ഥാവകാശം ഉന്നയിച്ച് ഇതിനെതിരെ സമീപമുള്ള കോണ്‍ക്രീറ്റ് ബ്ലോക് നിര്‍മാണ കമ്പനി നടത്തുന്ന വ്യക്തി കരുനാഗപ്പള്ളി മുന്‍സിഫ് കോടതി വഴി സ്‌റ്റേ ഓര്‍ഡര്‍ വാങ്ങി. സ്‌റ്റേ നീക്കുവാന്‍ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ദിലീപ് പഞ്ചായത്തിനും പൊതുജനങ്ങള്‍ക്കായും അഡ്വക്കറ്റിനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മാറി വന്ന ഭരണസമിതിയും ഉദ്യോഗസ്ഥരും കേസിന്റെ കാര്യത്തില്‍ ഉദാസീനത കാണിച്ചു വെന്നാണ് നാട്ടുകാരുടെ ആരോപണം. ആ ആരോപണത്തെ ശരിവക്കുന്ന രൂപത്തില്‍ കഴിഞ്ഞ ദിവസം കേസിലെ പ്രതിപ്പട്ടികയിലുള്ള പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍, ബീനാ റഷീദ്, പി എച്ച് റഷീദ്, സലിം, കുമ്പളത്ത് കിഴക്കതില്‍ ഷാജി, തോണ്ടത്തറയില്‍ ജലാലുദ്ധീന്‍, വെളിയില്‍ വീട്ടില്‍ ഫാറൂഖ് എന്നിവര്‍ക്ക് എതിരേ സ്വകാര്യ ഭൂമി കൈയേറിയതിനും അനധികൃതമായി ഭൂമിയില്‍ ഉണ്ടായിരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയ കുറ്റവും ചാര്‍ത്തി കോടതിയില്‍ നിന്നും 55000 രൂപ പിഴയടക്കാന്‍ വിധിയുണ്ടായി.  വിധി ഉണ്ടാവാന്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാവണമെന്നും വിധിക്കെതിരേ അപ്പീലടക്കമുള്ള നിയമനടപടികള്‍ക്ക് പഞ്ചായത്തധികൃതര്‍ മുന്നിട്ടിറങ്ങണമെന്നും  ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്.ഇതിനിടയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പഞ്ചായത്ത് ഓഫിസിലെ ഒരു ഉദ്യോഗസ്ഥ കയര്‍ത്ത് സംസാരിച്ചതും പ്രതിഷേധത്തിനിടയാക്കി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it